രണ്ടും കൽപ്പിച്ച് ടാറ്റ; സിയറയുടെ അവതരണം അടുത്തമാസം

ടാറ്റ സിയറയുടെ അവതരണത്തിന് തീയതി കുറിച്ച് ടാറ്റ. ഇന്ത്യയിൽ നവംബർ 25ന് വാഹനം അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. ഐസിഇ പതിപ്പായിരിക്കും ആദ്യം വിപണിയിൽ എത്തുക. പിന്നാലെ ഈ മോഡലിന്റെ ഇലക്ട്രിക് പതിപ്പും വിപണിയിലേക്കെത്തിക്കും. ടാറ്റയുടെ മോഡൽ നിരയിൽ കർവിനും ഹാരിയറിനും ഇടയിലായിരിക്കും ഈ മിഡ്-സൈസ് എസ്‌യുവി സ്ഥാനം പിടിക്കുക. ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ് തുടങ്ങിയ മോഡലുകളായിരിക്കും വിപണിയിലെ സിയറയുടെ മുഖ്യ‌ എതിരാളികൾ.

2023-ലെ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനത്തിന്റെ കണ്‍സെപ്റ്റ് ടാറ്റ മോട്ടോഴ്‌സ് ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. പിന്നീട് 2025-ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയില്‍ സിയേറയുടെ പ്രൊഡക്ഷന്‍ പതിപ്പും പ്രദര്‍ശിപ്പിച്ചിരിരുന്നു. ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റിനായി ഒരു വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ, മുൻവശത്തെ യാത്രക്കാർക്കായി ഒരു അധിക സ്‌ക്രീൻ എന്നിവ ഉൾപ്പെടുന്ന മൂന്ന് സ്‌ക്രീൻ ലേഔട്ട് ടാറ്റ സിയറ ഐസിഇയിൽ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട്.

ടാറ്റ സിയറയിൽ, ടാറ്റ ഹാരിയറിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ ഡീസൽ എഞ്ചിൻ, 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവ ഓപ്ഷനുകളായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വാഹനത്തിന് ഏകദേശം 11 ലക്ഷം രൂപ മുതൽ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം. 1991-ൽ അവതരിക്കപ്പെട്ട ഐക്കണിക്ക് എസ്‌യുവിയുടെ പല സ്റ്റൈലിംഗ് ഘടകങ്ങളും നിലനിർത്തിയാവും പുതിയതിനെ കമ്പനി ഒരുക്കിവെച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*