ടാറ്റ ട്രസ്റ്റിനുള്ളില്‍ നടക്കുന്നതെന്ത്? ഭിന്നത കടുക്കുന്നതിനിടെ നാളെ നിര്‍ണായക ബോര്‍ഡ് യോഗം

ടാറ്റാ ട്രസ്റ്റിനുള്ളില്‍ ഭിന്നത കടുക്കുന്നതിനിടെ നാളെ നിര്‍ണായക ബോര്‍ഡ് യോഗം ചേരും. അംഗങ്ങള്‍ക്കിടയിലെ ഭിന്നത രമ്യമായി പരിഹരിക്കണമെന്ന് കേന്ദ്രം ട്രസ്റ്റ് അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. നോയല്‍ ടാറ്റയുടെ നേതൃത്വത്തിനെതിരെ മിഹ്ലി മിസ്രിയുടെ നേതൃത്വത്തില്‍ നാല് ട്രസ്റ്റിമാരാണ് ഇടഞ്ഞ് നില്‍ക്കുന്നത്. 

രാജ്യത്തിന്റെ ജിഡിപിയുടെ നാല് ശതമാനത്തോളം സംഭാവന ചെയ്യുന്ന മഹാ പ്രസ്ഥാനത്തിലെ ഭിന്നത രാജ്യത്തിന് കൂടി ആശങ്കയുണ്ടാക്കുന്നതാണ്. നാനൂറോളം കമ്പനികളാണ് ടാറ്റാ ഗ്രൂപ്പിലുള്ളത്. അതില്‍ തന്നെ മുപ്പതോളം ലിസ്റ്റഡ് കമ്പനികളാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ടാറ്റയ്ക്കുള്ള സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. ടാറ്റാ സണ്‍സ് കമ്പനിയില്‍ 66 ശതമാനം ഓഹരി ടാറ്റാ ട്രസ്റ്റിനാണ്. രത്തന്‍ ടാറ്റയുടെ മരണ ശേഷമാണ് അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ സ്ഥാനത്ത് എത്തുന്നത്. പക്ഷെ രത്തന്‍ ടാറ്റയുടെ കാലത്തേത് പോലെ ഒരു ഐക്യം ഇന്ന് ട്രസ്റ്റിനകത്ത് ഇല്ല.

ടാറ്റാ സണ്‍സ് ബോര്‍ഡിലേക്ക് ട്രസ്റ്റില്‍ നിന്ന് വിജയ് സിംഗിനെ നോമിനേറ്റ് ചെയ്യാനുള്ള നീക്കം മിഹില്‍ മിസ്രിയുടെ നേതൃത്വത്തില്‍ മറ്റ് ട്രസ്റ്റ് അംഗങ്ങള്‍ എതിര്‍ത്തതോടെയാണ് ഭിന്നത പരസ്യമായത്. ട്രസ്റ്റിനകത്ത് നോയലിനൊപ്പം രണ്ട് പേരും മിഹില്‍ മിസ്രിക്കൊപ്പം മൂന്ന് പേരും എന്നതാണ് സാഹചര്യം. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് ഈ ഭിന്നത തടസമാകാന്‍ ഇടയുണ്ട്. ഇതോടെയാണ് കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മ്മലാ സീതാരാമനും നോയല്‍ ടാറ്റയും, ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി. വിഷയം രമ്യമായി പരിഹരിക്കുന്നതിനുള്ള നീക്കങ്ങള്‍ ഒരു പക്ഷേ നാളെ നടക്കുന്ന ട്രസ്റ്റ് യോഗത്തില്‍ ഉണ്ടായേക്കും.

Be the first to comment

Leave a Reply

Your email address will not be published.


*