മുസ്ലീം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി തെലുങ്കുദേശം പാര്‍ട്ടി

ഹൈദരാബാദ്: മുസ്ലീം സംവരണവുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നതിനിടെ, സംവരണത്തെ പിന്തുണച്ച് ബിജെപി സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി. ആന്ധ്രാപ്രദേശില്‍ മുസ്ലീങ്ങള്‍ക്ക് നാലു ശതമാനം സംവരണം നിലനിര്‍ത്തുമെന്ന് ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. സംസ്ഥാനത്ത് മുസ്ലീം സംവരണത്തിനായി ടിഡിപി സജീവമായി പോരാടിയിട്ടുണ്ടെന്നും വാഗ്ദാനങ്ങള്‍ പാലിക്കേണ്ടത് പാര്‍ട്ടിയുടെ കടമയാണെന്നും നായിഡു വ്യക്തമാക്കി. ഗുണ്ടൂരില്‍ നടന്ന പ്രജാഗളം യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രബാബു നായിഡു. മുസ്ലിങ്ങള്‍ക്കുള്ള നാലു ശതമാനം സംവരണം ടിഡിപി സംരക്ഷിക്കും. ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള 50 വയസ്സിന് മുകളിലുള്ള വ്യക്തികള്‍ക്ക് പെന്‍ഷന്‍ നല്‍കും. സംസ്ഥാനത്തെ മസ്ജിദ് അറ്റകുറ്റപ്പണികള്‍ക്കായി എല്ലാ മാസവും 5,000 രൂപ ധനസഹായം നല്‍കുമെന്നും നായിഡു പറഞ്ഞു.

സംസ്ഥാനത്ത് അധികാരത്തിലെത്തിയാല്‍ നൂര്‍ ബാഷ കോര്‍പ്പറേഷന്‍ സ്ഥാപിക്കും. ഇതിനായി പ്രതിവര്‍ഷം 100 കോടി രൂപ അനുവദിക്കുമെന്നും നായിഡു വാഗ്ദാനം ചെയ്തിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായി പ്രധാന പട്ടണങ്ങളില്‍ ഈദ്ഗാഹുകള്‍ക്കും ശ്മശാനങ്ങള്‍ക്കും സ്ഥലം അനുവദിക്കും. ഹജ്ജ് യാത്ര നടത്തുന്ന മുസ്ലീങ്ങള്‍ക്ക് ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കാനും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ വഴി അഞ്ച് ലക്ഷം രൂപ പലിശ രഹിത വായ്പ നല്‍കാനുമുള്ള പദ്ധതികളും നായിഡു പ്രഖ്യാപിച്ചു. ഇമാമുമാര്‍ക്കും മൗജന്മാര്‍ക്കും യഥാക്രമം 10,000 രൂപയും 5,000 രൂപയും ഓണറേറിയം നല്‍കും. യോഗ്യതയുള്ള ഇമാമുമാരെ സര്‍ക്കാര്‍ ഖാസിമാരായി നിയമിക്കുമെന്നും ചന്ദ്രബാബു നായിഡു വാഗ്ദാനം നല്‍കി.

യോഗ്യരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപ പെന്‍ഷന്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ആന്ധ്രാപ്രദേശിലെ ടിഡിപി-ബിജെപി-ജെഎസ്പി സഖ്യം ‘പ്രജാ മാനിഫെസ്റ്റോ’ എന്ന് നാമകരണം ചെയ്ത സംയുക്ത പ്രകടനപത്രിക ബുധനാഴ്ച പുറത്തിറക്കിയിരുന്നു. ആന്ധ്രാപ്രദേശില്‍, 2011 ലെ സെന്‍സസ് പ്രകാരം, മുസ്ലീങ്ങള്‍ ജനസംഖ്യയുടെ 9.5 ശതമാനമാണ്. ആന്ധ്രയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം 175 അംഗ നിയമസഭയിലേക്കും മെയ് 13 ന് വോട്ടെടുപ്പ് നടക്കുകയാണ്. സംസ്ഥാനത്ത് ടിഡിപിയും പവന്‍ കല്യാണിൻ്റെ ജനസേന പാര്‍ട്ടിയും ബിജെപിക്കൊപ്പം ചേര്‍ന്ന് എന്‍ഡിഎ മുന്നണിയായിട്ടാണ് മത്സരിക്കുന്നത്. എന്‍ഡിഎ സീറ്റു ധാരണ പ്രകാരം ടിഡിപി 144 നിയമസഭാ മണ്ഡലങ്ങളിലും 17 ലോക്സഭാ മണ്ഡലങ്ങളിലും മത്സരിക്കും. ബിജെപി ആറ് ലോക്സഭാ സീറ്റുകളിലും 10 നിയമസഭാ സീറ്റുകളിലും മത്സരിക്കും. രണ്ട് ലോക്സഭാ സീറ്റുകളിലും 21 നിയമസഭാ സീറ്റുകളിലും ജനസേന പാര്‍ട്ടിയും മത്സരിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*