പോപ്പ് സംഗീതത്തിന്റെ ചക്രവർത്തി മൈക്കിൾ ജാക്സന്റെ ജീവിതത്തെ ആസ്‌പദമാക്കി നിർമ്മിച്ച ‘മൈക്കിൾ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മൈക്കിൾ ജാക്ക്സന്റെ സഹോദരനായ ജെർമൈൻ ജാക്സന്റെ മകനായ ജാഫർ ജാക്ക്സനാണ് ചിത്രത്തിൽ ‘കിംഗ് ഓഫ് പോപ്പ്’ ആയെത്തുന്നത്.
ഇക്വലൈസർ, ഇമാൻസിപ്പേഷൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അന്റോയ്‌ൻ ഫുക്വ സംവിധാനം ചെയ്യുന്ന ചിത്രം 2026 ലാണ് തിയറ്ററുകളിലെത്തുക. ജാഫർ ജാക്ക്സന്റെ അരങ്ങേറ്റ ചിത്രം കൂടിയായ ‘മൈക്കിൾ’ ബൊഹീമിയൻ റാപ്പ്സിഡി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവായ ഗ്രഹാം കിംഗ് ആണ് നിർമ്മിക്കുന്നത്.
സംഗീതത്തിലൂടെ ലോകം കീഴടക്കിയ മൈക്കിൾ ജാക്ക്സന്റെ കരിയറിലെ ആദ്യത്തെ കുറച്ചു വർഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ടീസറിലെ ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്. സർജറിക്ക് വിധേയനായും, ത്വക്ക് രോഗം കാരണവും രൂപമാറ്റം വന്ന മൈക്കിൾ ജാക്ക്സന്റെ ദൃശ്യങ്ങളൊന്നും ടീസറിൽ ഉൾപ്പെടുത്തതാണ് ആരാധകരുടെ ഈ അനുമാനത്തിന് കാരണം.
മൈക്കിൾ ജാക്ക്സന്റെ ബില്ലി ബീൻ എന്ന ലോകം ഏറ്റുപാടിയ ഗാനവും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയോ, യൂട്യൂബോ, സ്മാർട്ട്ഫോണോ, AI യോ ഇല്ലാതിരുന്ന കാലത്ത് ലോകത്തിന്റെ മുക്കിലും മൂലയിലും വരെ ചെന്നെത്തിയ മൈക്കിൾ ജാക്സന്റെ സംഗീതത്തെക്കുറിച്ച് ചിത്രം പുതിയ തലമുറയ്ക്ക് മനസിലാക്കി കൊടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.



Be the first to comment