ഹൈദരാബാദ്: തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പ് തൂത്ത് വാരി കോണ്‍ഗ്രസ്. 56 ശതമാനം സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഉജ്ജ്വല വിജയം കാഴ്‌ച വച്ചത്. മൂന്ന് ഘട്ടങ്ങളിലായാണ് 4,159 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. ഇതിൽ 2,286 സീറ്റുകളും കോണ്‍ഗ്രസ് കൈക്കലാക്കി.
1,142 സീറ്റുകളുമായി ബിആർഎസാണ് രണ്ടാം സ്ഥാനത്തുള്ളത്. 242 സീറ്റുകളുമായി ബിജെപിയും, മറ്റുള്ളവർ 479 സീറ്റുകളും നേടി. സിപിഐ 24 ഇടങ്ങളിലും സിപിഎം ഏഴ് ഇടങ്ങളിലും ആധിപത്യം പുലർത്തി. 31 ജില്ലകളിലായി നടന്ന പഞ്ചായത്ത് സർപഞ്ച് സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് 7,010 സീറ്റുകളിൽ ആധിപത്യം നിലനിർത്തി.
ബിആർഎസ് 3,502 സീറ്റുകളിൽ വിജയിച്ചു. ബിജെപി 688 സീറ്റുകളും മറ്റുള്ളവർ 1,505 സീറ്റുകളും നേടി. 12,733 പഞ്ചായത്ത് സർപഞ്ച് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. പഞ്ചായത്തീരാജ് നിയമപ്രകാരം ഇന്ത്യയിൽ ഏറ്റവും താഴെത്തട്ടിലുള്ള തദ്ദേശ സ്വയംഭരണ സമിതിയുടെ തെരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക ഭരണാധികാരിയാണ് സർപഞ്ച്.
കൊടംഗലിലെ 180 പഞ്ചായത്തുകളിൽ 142 എണ്ണത്തിൽ കോൺഗ്രസ് വിജയിച്ചു. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക പ്രതിനിധീകരിക്കുന്ന മധിരയിൽ 131 സീറ്റുകളിൽ 90 എണ്ണവും കോൺഗ്രസ് കൈക്കലാക്കി. മന്ത്രി പൊങ്കുലേറ്റിയുടെ പലൈർ മണ്ഡലത്തിൽ 134 സീറ്റുകളിൽ 91 കോണ്‍ഗ്രസും 32 സീറ്റുകള്‍ ബിആർഎസും നേടി.
അതേസമയം കോണ്‍ഗ്രസിൻ്റെ വമ്പന്‍ വിജയം പാര്‍ട്ടിയെ സംബന്ധിച്ച് അഭിമാനകരമായ നേട്ടമാണെന്നും സ്ഥാനാര്‍ഥികള്‍ വിജയം ഉറപ്പാക്കാൻ കഠിനമായി പരിശ്രമിച്ചെന്നും പാർട്ടി പ്രവർത്തകർ പറഞ്ഞു.
ഇത്തവണ സ്‌ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധനവ്
തെലങ്കാനയിലെ ഖമ്മം, നൽഗൊണ്ട, ഹനംകൊണ്ട, ഭദ്രാദ്രി, ജഗ്‌തിയാൽ, മഹബൂബാബാദ്, ജയശങ്കർ ഭൂപാൽപള്ളി, മഹ്ബൂബ്‌നഗർ, നാഗർകുർണൂൽ, മഞ്ചേരിയൽ, നിസാമാബാദ്, പെദ്ദപള്ളി, രംഗറെഡ്ഡി, വികാരാബാദ്, സംഗറെഡി, കാമറെഡി, സൂര്യപേട്ട്, യാദാദ്രി ജില്ലകളിലാണ് കോൺഗ്രസ് വമ്പൻ വിജയം കൈക്കലാക്കിയത്.
മൂന്നാം ഘട്ടത്തിൽ 85.77 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. രണ്ടാം ഘട്ട പോളിങ് ശതമാനത്തേക്കാൾ 0.9 ശതമാനം കുറവാണിത്. മൂന്ന് ഘട്ടങ്ങളിലായി ആകെ 85.30 ശതമാനം വോട്ടുകളാണ് പോൾ ചെയ്‌തത്. മൂന്നാം ഘട്ടത്തിൽ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്, 92.56 ശതമാനം.
മൂന്നാം ഘട്ടത്തിൽ ആകെയുള്ള 25,77,683 സ്ത്രീ വോട്ടർമാരിൽ 85.96%, അതായത് 22,15,683 സ്ത്രീകളും സമ്മതിദാനം രേഖപ്പെടുത്തിയതായാണ് കണക്ക്. സംസ്ഥാനത്തെ ചില സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴികെ, മറ്റെല്ലാ മേഖലകളിലും വോട്ടെടുപ്പ് സമാധാനപരമായി നടന്നു. സംസ്ഥാന ചീഫ് സെക്രട്ടറി രാമകൃഷ്‌ണ റാവു, ഡിജിപി ശിവധർ റെഡി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ റാണി കുമുദിനി എന്നിവർ വെബ്‌കാസ്റ്റിംഗിലൂടെ മൂന്നാം ഘട്ട പോളിങ് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് സുഗമമായി നടത്തിയതിന് ജില്ലാ കളക്‌ടർമാരെയും ഉദ്യോഗസ്ഥരെയും പോളിങ് ജീവനക്കാരെയും ചീഫ് സെക്രട്ടറി അഭിനന്ദിച്ചു.



Be the first to comment