2 ലക്ഷം രൂപ പിഴ, പിന്നെ തടവും; സിം കാര്‍ഡ് എടുത്തു കൂട്ടിയെങ്കില്‍ ഒന്ന് ശ്രദ്ധിച്ചേക്കണേ

ഇന്നത്തെ കാലത്ത് ഒന്നിൽ കൂടുതൽ ഫോണും സിം കാർഡും കൊണ്ടു നടക്കുന്നത് ഒരു ട്രെൻഡാണ്. എന്നാൽ മിക്ക ആളുകൾക്കും ഇതിന് പിന്നിലെ നിയമവശങ്ങൾ അറിയില്ല. ടെലികോം നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് എത്ര സിം വാങ്ങാം, പരിധി ലംഘിച്ചാൽ ശിക്ഷ എന്ത് തുടങ്ങി ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും മറ്റു നിയമങ്ങളും നമ്മള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്.

പരിധിയിൽ കൂടുതൽ സിം കാർഡുകള്‍ ഉപയോഗിക്കുന്നത് രണ്ട് ലക്ഷം രൂപ വരെ പിഴ ലഭിക്കാൻ സാധ്യതയുള്ള കുറ്റകൃത്യമാണ്. എന്തിനു പറയുന്നു തടവു ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണിത്. ഒരുമിച്ച് ഒട്ടേറെ സിം കാര്‍ഡുകള്‍ വാങ്ങുന്നതിനും വിലക്കുണ്ട്.

ഡിജിറ്റല്‍, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും മറ്റ് അനധികൃത ഇടപാടുകളും തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവൃത്തികൾ നിരീക്ഷിക്കുന്നതിനായി ഐടി മന്ത്രാലയം ‘സഞ്ചാർ സാത്തി‘ എന്ന പേരിൽ ഒരു പോർട്ടലും ആരംഭിച്ചിട്ടുണ്ട്.

നിയമങ്ങള്‍ വിശദമായി അറിയാം

  • ഒരാൾക്ക് എത്ര സിം എടുക്കാം

ടെലികോം നിയമം അനുസരിച്ച് ഒരു വ്യക്തിക്ക് സ്വന്തം പേരിൽ ഒമ്പത് സിം കാർഡുകളാണ് വാങ്ങാൻ സാധിക്കുക. അതും ഒരു തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മാത്രം. ജമ്മു കശ്‌മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആറെണ്ണം മാത്രമെ എടുക്കാൻ കഴിയൂ. ബിസിനസ് സ്ഥാപനങ്ങള്‍, കോര്‍പറേറ്റുകള്‍, ഇവൻ്റുകൾ എന്നിവയ്ക്കായി സിം കാര്‍‍ഡ‍ുകള്‍ ബൾക്കായി വാങ്ങാം.

  • ശിക്ഷ എന്ത്?

ഏതെങ്കിലും വ്യക്തി, നൽകിയിരിക്കുന്ന പരിധിയെക്കാൾ കൂടുതൽ സിം കാർഡുകൾ ഉപയോഗിച്ചാൽ വലിയ കുരുക്ക് വീഴാൻ സാധ്യതയുണ്ട്. ആദ്യ ലംഘനത്തിന് 50,000 രൂപ വരെയാണ് പിഴ ഈടാക്കുക. എന്നാൽ രണ്ടാമതും കുറ്റം ആവർത്തിച്ചാൽ പിഴ രണ്ട് ലക്ഷം രൂപ വരെയാകും.

കൂടാതെ ചതിയിൽപ്പെടുത്തി മറ്റൊരാളുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് സിം എടുത്താൽ മൂന്ന് വർഷം തടവോ, അഞ്ച് ദശലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വന്നേക്കാം. ഉപയോക്താവിൻ്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങൾ അയച്ചാൽ ടെലികോം കമ്പനിക്കും പിഴ ലഭിച്ചേക്കാം.

  • കരുതിയിരിക്കുക

കെവൈസി വ്യവസ്ഥകളും സിം കാര്‍ഡ് വില്‍പന നടത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങളും കൂടുതല്‍ കര്‍ശനം ആക്കിയിട്ടുണ്ട്. പുതിയതോ, ഡ്യൂപ്ലിക്കേറ്റ് സിം കാർഡോ വാങ്ങാൻ പോയാൽ മുഴുവൻ വ്യക്തിഗത വിവരങ്ങളും നൽകേണ്ടിവരും. സിം വാങ്ങാന്‍ പോകുമ്പോള്‍ ആധാര്‍ കാര്‍ഡ് നിർബന്ധമായും കൈയിൽ ഉണ്ടായിരിക്കണം.

പുതിയ നിയമമനുസരിച്ച് ഡീലര്‍മാര്‍ ടെലികോം സര്‍വീസ് പ്രൊവൈഡറുമായി കരാറുണ്ടാക്കുകയോ അവരില്‍ നിന്ന് ലൈസൻസ്‌ എടുക്കുകയോ വേണം. ഡീലർമാർ നിയമവിരുദ്ധമായി ഫ്രവർത്തിച്ചാൽ പത്ത് ലക്ഷം രൂപ വരെ പിഴ ലഭിക്കും. കൂടാതെ ടെലിംകോം കമ്പനിയുമായുള്ള കരാര്‍ മൂന്നുവര്‍ഷത്തേക്ക് റദ്ദാക്കുകയും ചെയ്യും.

കരുതിയിരിക്കാം ഇക്കാര്യങ്ങള്‍

നിങ്ങളുടെ ഐഡൻ്റിറ്റി ഉപയോഗിച്ച് മറ്റാരെങ്കിലും ഒരു മൊബൈൽ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ എന്തുചെയ്യണം എന്ന് നോക്കിയാലോ. അത്തരം ഒരു ചതി ശ്രദ്ധയിൽപെട്ടാൽ ഉടനെ പരിശോധിക്കുകയും പൊലീസിനെ അറിയിക്കുകയും വേണം. താഴെ പറയുന്ന കാര്യങ്ങൾ മറക്കാതിരിക്കുക.

  1. tafcop.sancharsaathi.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക
  2. ശേഷം ഫോൺ നമ്പറും മറ്റു വിവരങ്ങളും നൽകുക. കാപ്‌ച്ചയാണ് സാധാരണ ചോദിക്കുക.
  3. ഫോണിൽ ലഭിച്ച ഒടിപി ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  4. നിങ്ങളുടെ ഐഡിയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന എല്ലാ സജീവ മൊബൈൽ നമ്പറുകളും പരിശോധിക്കുക
  5. തെറ്റായ നമ്പറുകളോ അറിയാത്ത നമ്പറുകളോ കണ്ടാൽ ഉടനെ ‘നോട്ട് മൈ നമ്പർ’ എന്ന ഒപ്‌ഷൻ ക്ലിക്ക് ചെയ്യുക
  6. പഴയതോ ഉപയോഗിക്കാത്തതോ ആയ ഏതെങ്കിലും നമ്പർ ശ്രദ്ധയിൽപെട്ടാൽ ‘നോട്ട് റിക്യയേർഡ്’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് ഡിലീറ്റ് ആക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*