ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേത്, അത് സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ല: സുപ്രിംകോടതി

ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതെന്ന് സുപ്രിംകോടതി. ക്ഷേത്രത്തിന്റെ പണം സഹകരണ ബാങ്കുകളെ സമ്പന്നമാക്കാനുള്ളതല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. തിരുനെല്ലി മാനന്തവാടി സഹകരണബാങ്കുകളുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം.

തിരുനെല്ലി ദേവസ്വത്തിന്റെ സ്ഥിരനിക്ഷേപം തിരികെ നല്‍കാന്‍ സാവകാശം തേടിയാണ് തിരുനെല്ലി, മാനന്തവാടി സഹകരണബാങ്കുകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങള്‍. ക്ഷേത്രത്തിന്റെ പണം ദൈവത്തിന്റേതാണ് അതിനാല്‍ തന്നെ പണം ക്ഷേത്രകാര്യങ്ങള്‍ക്കായി മാത്രം വിനിയോഗിക്കാനുള്ളതാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ദീര്‍ഘമായ വാദങ്ങളിലേക്ക് കടക്കാതെ തന്നെ സഹകരണ ബാങ്കുകളുടെ ഹര്‍ജി സുപ്രിംകോടതി തള്ളുകയായിരുന്നു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തളളിയത്. ദേവന്റെ സ്വത്തായ ക്ഷേത്ര പണം സുരക്ഷിതമാക്കണമെന്നും അത് നല്ല പലിശ നല്‍കുന്ന സ്ഥിരതയും സുരക്ഷയും ഉറപ്പുനല്‍കുന്ന ദേശീയ ബാങ്കുകളിലേക്ക് മാറ്റുന്നതില്‍ എന്തായിരുന്നു കുഴപ്പമെന്നും കോടതി വാക്കാലെ ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*