നിരുപാധിക വെടിനിര്‍ത്തലിന് തായ്‌ലാന്‍ഡും കംബോഡിയയും സമ്മതിച്ചു: മലേഷ്യന്‍ പ്രധാനമന്ത്രി

ഉപാധികളില്ലാത്ത വെടിനിര്‍ത്തലിന് സമ്മതിച്ചതായി തായ്‌ലാന്‍ഡും കംബോഡിയയും. അഞ്ച് ദിവസത്തെ സംഘര്‍ഷത്തിനൊടുവിലാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ചിരിക്കുന്നത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ 2008-2011 വര്‍ഷങ്ങള്‍ക്കുശേഷം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ സംഘര്‍ഷമാണ് അവസാനിച്ചിരിക്കുന്നത്. നിരുപാധിക വെടിനിര്‍ത്തലിന് തയ്യാറെന്ന് മുന്‍പുതന്നെ കംബോഡിയ പ്രതികരിച്ചിരുന്നു. തായ്‌ലാന്‍ഡ് കൂടി അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമാകുന്നത്. 

സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി 36 പേരാണ് കൊല്ലപ്പെട്ടത്. തായ്‌ലാന്‍ഡും കംബോഡിയയും അടിയന്തര, നിരുപാധിക വെടിനിര്‍ത്തലിന് സമ്മതിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം അല്‍പ സമയത്തിനുമുന്‍പാണ് അറിയിച്ചത്. 24 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

തായ്ലന്‍ഡ് -കംബോഡിയ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിരുന്നു.

ദീര്‍ഘനാളായി തുടരുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. 817 കിലോമീറ്റര്‍ കര അതിര്‍ത്തി ഇരുരാജ്യങ്ങളും പങ്കിടുന്നുണ്ട്. കംബോഡിയയും തായ്ലന്‍ഡും ലാവോസും കൂടിച്ചേരുന്ന എമറാള്‍ഡ് ട്രയാംഗിള്‍ എന്ന പോയിന്റിനു സമീപമുണ്ടായ വെടിവയ്പ്പില്‍ കഴിഞ്ഞ മേയില്‍ കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ ചില തായ് ഉല്‍പന്നങ്ങള്‍ക്ക് കംബോഡിയ വിലക്കേര്‍പ്പെടുത്തി. കംബോഡിയന്‍ സ്ഥാനപതിയെ തായ്ലന്‍ഡ് പുറത്താക്കി.

Be the first to comment

Leave a Reply

Your email address will not be published.


*