എറണാകുളം തമ്മനത്ത് വാട്ടർ അതോറിറ്റിയുടെ ജലസംഭരണി തകർന്നതിനെ തുടർന്ന് കുടിവെള്ള വിതരണം വൈകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. അടിയന്തര യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. കുടിവെള്ളത്തിന്റെ പമ്പിങ് നാളെ വൈകിട്ടോ മറ്റന്നാളെയോ ആയി മാത്രമേ പുനരാരംഭിക്കൂ. ദിവസേന മൂന്ന് തവണ പമ്പിങ് നടത്തും. വെള്ളം എത്താത്തിടത്തേക്ക് ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യും. പന്ത്രണ്ടര ലക്ഷത്തിന്റെ നാശനഷ്ടങ്ങളാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളതെന്നാണ് ജില്ലാ കളക്ടർ സമർപ്പിച്ച പ്രാഥമിക കണക്കിൽ വ്യക്തമാക്കിയിരിക്കുന്നതെന്നും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
1.35 കോടി ലീറ്റര്‍ ജല സംഭരണിയുടെ രണ്ടു കമ്പാര്‍ട്ട്‌മെന്റുകളില്‍ ഒരെണ്ണമാണ് തകര്‍ന്നത്. കുടിവെള്ള വിതരണം തടസ്സപെടാതിരിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. എന്നാലും പ്രഷര്‍ മാനേജ്‌മെന്റിന്റെ ഭാഗമായി പമ്പിങിന്റെ സമയക്രമം കുറയ്ക്കുമ്പോള്‍ വാലറ്റത്ത് ഉള്ളവര്‍ക്ക് ലഭിക്കുന്ന ജലത്തിന്റെ അളവില്‍ കുറവു വരാന്‍ സാധ്യതയുണ്ട്. എന്നാലും ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂത്താപ്പാടിയിലുള്ള ഒരു കോടി 38 ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് പുലർച്ചെ 2 .30 ഓടെ തകർന്നത്. വെള്ളം വീടുകളിൽ ഇരച്ചെത്തി നിരവധി വാഹനങ്ങളും റോഡുകളും തൂത്തെറിഞ്ഞു. കാലപ്പഴക്കം കാരണം ഒരു ഭാഗം തെന്നി മാറുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ഡിപ്പാർട്ട്മെന്റുകളിലായിട്ടാണ് വെള്ളം സംഭരിച്ചത്. തകരുന്ന സമയം ഒരു കോടി പത്തുലക്ഷം ലിറ്റർ വെള്ളം ടാങ്കിൽ ഉണ്ടായിരുന്നു. പ്രളയ സമാനമായി ഇരച്ചെത്തിയ വെള്ളം വാഹനങ്ങളും മതിലും റോഡുമെല്ലാം തകർത്തു. 30% ത്തോളം കുടിവെള്ള വിതരണം മുടങ്ങും എന്നുള്ളതാണ് പ്രാഥമിക നിഗമനം. കൊച്ചി നഗരത്തിൻ്റെ ചില പ്രദേശങ്ങൾ, തൃപ്പൂണിത്തറ, പേട്ട ഭാഗങ്ങളിലായിരിക്കും പ്രതിസന്ധി ഉണ്ടാകുക. ഇത് മറികടക്കാൻ ടാങ്കറിൽ വെള്ളം എത്തിക്കാനാണ് ആലോചിക്കുന്നത്.



Be the first to comment