ശബരിമല സ്വർണ്ണക്കൊള്ള; തന്ത്രിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം: ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം. തന്ത്രിക്ക് ജയിലിൽ വച്ച് ആരോഗ്യ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തന്ത്രിയെ ഉടൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഇന്നലെയാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്‌തത്‌.

ആറ്റിങ്ങലിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. സ്വർണക്കൊള്ള കേസിലുണ്ടായിരിക്കുന്ന ഏറ്റവും സുപ്രധാന അറസ്റ്റാണ് ഇത്. പോറ്റിയെ ശബരിമലയിലെത്തിച്ചത് തന്ത്രിയാണെന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലില‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്.

ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*