‘പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ കേന്ദ്രം മുന്‍കൈയെടുക്കണം’: ശശി തരൂര്‍

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ഉടനടി അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ സജീവമായി ശ്രമിക്കണമെന്ന് കോൺഗ്രസ് എംപി ശശി തരൂർ. സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലും സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംപി.

ഇറാൻ, ഇസ്രയേൽ, യുഎസ് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ശശി തരൂർ ആവശ്യവുമായി രംഗത്ത് എത്തിയത്.’ ഇത് മറ്റ് രാജ്യങ്ങളെയും ബാധിക്കുന്നു. എണ്ണ, വാതകം, ഇന്ധനം തുടങ്ങി മിക്ക സാധാനങ്ങളുടെയും വിതരണം ആഗോളതലത്തിൽ തടസപ്പെട്ടിരിക്കുകയാണ്. ഇത്തരം പ്രശ്‌നങ്ങൾ ഉടനെ അവസാനിപ്പിക്കണം. അതിനായി സർക്കാർ ആവശ്യവുമായി നടപടികൾ സ്വീകരിക്കണമെന്നും ശശി തരൂർ വ്യക്തമാക്കി’.

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം ആർക്കും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്‌തവം. മേഖലയിലെ അസ്ഥിരത ലോകത്തെ ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. ഹോർമുസ് കടലിടുക്ക് വഴി സാധനങ്ങൾ, എണ്ണ, വാതകം എന്നിവ എത്തിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും പ്രത്യേക സംഘർഷത്തിൻ്റെ പേരിൽ മുഴുവൻ മേഖലയെ ബന്ദികളാക്കരുതെന്നും കോൺഗ്രസ് എംപി കൂട്ടിച്ചേർത്തു.

സംഘർഷം കേവലം പ്രാദേശികമായ ഒന്നല്ലെന്നും അത് ഇന്ത്യയുടെ സാമ്പത്തിക-ഊർജ മേഖലകളെ നേരിട്ട് ബാധിക്കുന്നതാണെന്നും ശശി തരൂർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ നേതൃത്വവുമായി നടത്തിയ ചർച്ചകളെ ശശി തരൂർ പ്രശംസിച്ചു. ആഗോളതലത്തിൽ വലിയ സ്വാധീനമുള്ള മേഖലയിലെ പ്രശ്‌നങ്ങളിൽ ഇന്ത്യയ്‌ക്ക് നിഷ്ക്രിയരായി ഇരിക്കാൻ സാധിക്കില്ലെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ ശരിയായ ദിശയിലുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എൽപിജി കപ്പൽ തീരത്തെത്തി:

അതേസമയം ഹോർമുസ് കടലിടുക്കിൽ നിന്നും എൽപിജിയുമായി വന്ന കപ്പൽ ശിവാലിക് ഇന്ത്യയിലെത്തി. ഗുജറാത്തിലെ ജാംനഗറിലെ വാഡിനാർ തുറമുഖത്താണ് കാത്തിരിപ്പിനൊടുവിൽ കപ്പലെത്തിയത്. കഴിഞ്ഞ ദിവസം 40,000 മെട്രിക് ടൺ എൽപിജിയുമായി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നുവെന്ന വാർത്ത വലിയ ചർച്ചയായിരുന്നു. ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യാൻ രണ്ട് ഇന്ത്യൻ എൽപിജി കപ്പലുകൾക്ക് ഇറാൻ്റെ അനുമതി ലഭിച്ചിരുന്നു. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണക്കപ്പൽ കൂടി എത്താനുണ്ട്. ഇതിൽ 20,000 മെട്രിക് ടൺ മുന്ദ്രയിൽ ഇറക്കും. ബാക്കി 26,000 മെട്രിക് ടൺ മംഗലാപുരത്തേക്ക് ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*