
വയനാട്: ചൂരല്‍മല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്‌ടപ്പെട്ട ശ്രുതിക്ക് ഉടൻ വീടൊരുങ്ങും. വ്യവസായി ഡോ.ബോബി ചെമ്മണ്ണൂർ വീട് നിർമ്മാണത്തിനായി 10 ലക്ഷം രൂപ കൈമാറി. ആശുപത്രിയിൽ ശ്രുതിയെ സന്ദർശിച്ച വേളയിൽ ബോബി ചെമ്മണ്ണൂര്‍ നൽകിയ ഉറപ്പാണ് ഒരാഴ്‌ചയ്ക്കുള്ളിൽ തന്നെ പാലിക്കപ്പെട്ടത്.
ഉരുള്‍ ദുരന്തം ശ്രുതിയെ തനിച്ചാക്കിയപ്പോള്‍ കൈതാങ്ങായിരുന്ന പ്രതിശ്രുത വരന്‍ ജെൻസണും അടുത്തിടെ വാഹനാപകടത്തില്‍ മരിച്ചു. അപകടത്തില്‍ ശ്രുതിയുടെ കാലിനും ഗുരുതര പരിക്കേറ്റിരുന്നു. മാത്രമല്ല ബന്ധുക്കളായ മറ്റ് 9 പേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ടായിരുന്നു. ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് വ്യവസായി ഡോ. ബോബി ചെമ്മണ്ണൂർ ശ്രുതിയെ ആശുപത്രിയിലെത്തി സന്ദർശിച്ചത്.
ജെൻസണിൻ്റെ പിതാവിനെയും ബോബി ചെമ്മണ്ണൂര്‍ കണ്ടിരുന്നു. ഏട്ടനായി കൂടെയുണ്ടാകുമെന്നും വീട് വച്ച് നൽകുമെന്നും ശ്രുതിക്ക് വാക്ക് നൽകിയാണ് ബോബി ചെമ്മണ്ണൂര്‍ ആശുപത്രി വിട്ടത്. തുടർന്ന് രണ്ട് ദിവസത്തിനുശേഷം ശ്രുതി ആശുപത്രി വിട്ട് കൽപ്പറ്റ അമ്പിലേരിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റി.
ഇവിടെ വച്ചാണ് കൽപ്പറ്റ എംഎൽഎ അഡ്വ. ടി സിദ്ദിഖ്, ആർജെഡി നേതാവ് പികെ അനിൽകുമാർ, മുസ്‌ലിം ലീഗ് ജില്ല നേതാവ് റസാഖ് കൽപ്പറ്റ, ചെമ്മണ്ണൂർ ഗ്രൂപ്പ് പ്രതിനിധി ഹർഷൽ, സിപിഐ നേതാവ് യൂസുഫ്, നാസർ കുരുണിയൻ തുടങ്ങിയവർ ചേർന്ന് ശ്രുതിക്ക് ചെക്ക് കൈമാറിയത്.
ജെൻസണിൻ്റെ അമ്മ മേരിയും ശ്രുതിയോടൊപ്പം ഉണ്ടായിരുന്നു. 10 ലക്ഷം കൊണ്ട് സഹായം അവസാനിപ്പിക്കില്ലെന്നും ഇനിയും എന്ത് സഹായം ആവശ്യമുണ്ടെങ്കിലും ചോദിക്കണമെന്നും ജോലി ഉൾപ്പെടെ നൽകാൻ തയ്യാറാണെന്നും തൃശൂരിൽ നിന്ന് വീഡിയോ കോളിലൂടെ സംസാരിക്കവേ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. എല്ലാവരോടും നന്ദിയുണ്ടെന്നും ചെയ്യുന്ന സഹായങ്ങൾക്കെല്ലാം സന്തോഷം ഉണ്ടെന്നും ശ്രുതി പറഞ്ഞു. മാതൃകാപരമായ പ്രവർത്തനമാണ് ബോച്ചെയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഇത്രവേഗം വാക്കു പാലിച്ചത് അദ്ദേഹത്തിൻ്റെ സ്ഥിരം ചാരിറ്റി ശൈലിയുടെ പ്രത്യേകതയാണെന്നും അഡ്വ. സിദ്ദിഖ് എംഎൽഎയും പ്രതികരിച്ചു.
Be the first to comment