ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി; കേസെടുത്ത് അന്വേഷണം

മുംബൈ: ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് ബോംബ് ഭീഷണി. വിവരം ലഭിച്ചയുടന്‍ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈയിലെ രമാഭായ് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിലെ ഇ-മെയില്‍ വഴിയാണ് ഈ ഭീഷണി സന്ദേശം ലഭിച്ചതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച എക്‌സ്‌ചേഞ്ചിന് അവധി ആയതിനാല്‍ തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശത്തെ കുറിച്ച് അധികൃതര്‍ അറിയുന്നത്. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഫിറോസ് ടവര്‍ കെട്ടിടത്തില്‍ നാലു ആര്‍ഡിഎക്‌സ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അവ ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്ക് പൊട്ടുമെന്നുമായിരുന്നു ഇ-മെയില്‍ സന്ദേശം. ഭാരതീയ ന്യായ സംഹിതയുടെ 351(1)(b), 353(2), 351(3), 351(4) എന്നി വകുപ്പുകള്‍ പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തിരച്ചിലില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഇതൊരു വ്യാജ മെയിലാണെന്നാണ് പൊലീസ് പറയുന്നത്. മുന്‍പും സമാനമായി ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

 

Be the first to comment

Leave a Reply

Your email address will not be published.


*