ആരോഗ്യപ്രവര്‍ത്തകരെ കൈവിട്ട് കേന്ദ്രസര്‍ക്കാര്‍; ആശുപത്രി സംരക്ഷണ ബില്‍ കൊണ്ടുവരില്ല

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ കുറ്റകരമാക്കുന്നതിനുള്ള ബില്‍ ഉപേക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. ഒരു മേഖലയ്ക്ക് മാത്രമായി പ്രത്യേക ബില്‍ കൊണ്ടുവരാനാകില്ലെന്നാണ് വിശദീകരണം. കേരളത്തില്‍ നിന്നുള്ള ഡോക്ടര്‍ കെ വി ബാബുവിന് വിവരവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്‍ക്കത്ത ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ട്രെയിനി ഡോക്ടര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം രാജ്യ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതിന് തിരിച്ചടിയാകുന്നതാണ് ആശുപത്രി സംരക്ഷണ ബില്ലില്‍ നിന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പിന്‍വാങ്ങല്‍. കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ആശുപത്രി സംരക്ഷണ നിയമം 2023ല്‍ പാസാക്കിയിട്ടുണ്ട്. കൊല്ലം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ സര്‍ക്കാര്‍ ആശുപത്രി സംരക്ഷണ നിയമം പാസാക്കിയത്. ഇതനുസരിച്ച് ആശുപത്രി അതിക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ജാമ്യം ലഭിക്കില്ല. ഇതിന് പുറമേ ഏഴുവര്‍ഷം വരെ കഠിനതടവും അഞ്ചുലക്ഷം വരെ പിഴയും ലഭിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*