
തിരുവനന്തപുരം : മുഖ്യമന്ത്രിയുമായി പൊതുജനങ്ങള്‍ക്കു നേരിട്ടു സംസാരിക്കാന്‍ അവസരമൊരുക്കുന്ന ‘സിഎം വിത്ത് മി’ പദ്ധതിക്ക് ഇന്നു തുടക്കം. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും മുഖ്യമന്ത്രിയോട് പറയുന്നതിനായി സംഘടിപ്പിക്കുന്ന “മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മി) സിറ്റിസൺ കണക്ട് സെന്റർ ആണ് ഇന്നു പ്രവർത്തനം തുടങ്ങുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. വെള്ളയമ്പലത്ത് പഴയ എയർ ഇന്ത്യ ഓഫീസ് ഏറ്റെടുത്ത സ്ഥലത്താണ് സെന്റർ പ്രവർത്തിക്കുന്നത്. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് സേവനം ലഭ്യമാക്കുക. സിറ്റിസൺ കണക്ട് സെന്ററിന്റെ നടത്തിപ്പും മേൽനോട്ടച്ചുമതലയും ഇൻഫർമേഷൻ- പബ്ലിക് റിലേഷൻസ് വകുപ്പിനാണ്. കിഫ്ബിയാണ് അടിസ്ഥാന-സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നത്.
സുതാര്യവും നൂതനവുമായ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നിവയാണ് ലക്ഷ്യം. പൊതുജന പങ്കാളിത്തത്തോടെയുള്ള ഭരണനിര്‍വഹണം കുറ്റമറ്റ രീതിയില്‍ ആക്കുന്നതിനുള്ള ഒരു നാഴികക്കല്ലാകും ‘സിഎം വിത്ത് മി’ പദ്ധതി എന്നാണ് പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
Be the first to comment