80,000 വർഷത്തിലൊരിക്കൽ മാത്രം, ഭൂമിയോട് ചേർന്ന് സഞ്ചരിക്കുന്ന വാൽനക്ഷത്രം നാളെ മാനത്ത്; കേരളത്തിലും കാണാം

തിരുവനന്തപുരം : ഭൂമിയോട് ചേർന്ന് സഞ്ചരിക്കുന്ന വാൽനക്ഷത്രത്തെ നാളെ (ഒക്‌ടോബര്‍ 12) നഗ്നനേത്രങ്ങളിൽ കാണാം. സംസ്ഥാന വ്യാപകമായി മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കാലാവസ്ഥ കൂടി അനുകൂലമായാൽ സൂര്യസ്‌തമയത്തോടെ സംസ്ഥാനത്ത് വാൽനക്ഷത്രം ദൃശ്യമാകുമെന്ന് തിരുവനന്തപുരം വാനനിരീക്ഷണ കേന്ദ്രം ഡയറക്‌ടറും കേരള സർവകലാശാലയിലെ ഫിസിക്‌സ് അധ്യാപകനുമായ ആർ ജയകൃഷ്‌ണൻ അറിയിച്ചു. ഭൂമിയിൽ നിന്നും 70 ദശലക്ഷം കിലോമീറ്റർ മാത്രം ദൂരത്ത് കൂടി സഞ്ചരിക്കുന്ന C/2023 A3 Tsuchinshan-ATLAS എന്ന വാൽനക്ഷത്രമാകും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകുക.

സൂര്യന് ചുറ്റും സഞ്ചരിച്ച് ഒരു ഭ്രമണപഥം പൂർത്തിയാക്കാൻ 80,000 വർഷങ്ങളെടുക്കുന്ന ഈ വാൽനക്ഷത്രം നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്ന വിസ്‌മയമാണെന്ന് ഡോ ആർ ജയകൃഷ്‌ണൻ വ്യക്തമാക്കുന്നു. മനുഷ്യർ ആഫ്രിക്കൻ ഭൂഖന്ധത്തിൽ നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറുന്ന കാലഘട്ടത്തിലാണ് അവസാനമായി ഈ വാൽനക്ഷത്രം ഭൂമിയുടെ ഇത്രയും അടുത്തെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ കാലാവസ്ഥ മുന്നറിയിപ്പുകൾ പ്രകാരം വാൽനക്ഷത്രം കാണാനുള്ള സാധ്യത കുറവാണ്.

പൊടിപടലങ്ങളും അയണിന്‍റെ സാന്നിധ്യവും കാരണം മാനത്ത് അതിശയകരമായ കാഴ്‌ച വിരുന്നൊരുക്കിയാകും വാൽനക്ഷത്രം കടന്നു പോവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്ക് കുറച്ചു കൂടി വ്യക്തമായി ഇതു കാണാനാകും. നഗരങ്ങളിലുള്ളവർക്ക് ഉയർന്ന ഫ്ലാറ്റുകളുടെ മുകളിലും വാൽനക്ഷത്രത്തെ കാണാൻ സ്ഥാനമുറപ്പിക്കാം.

സൂര്യാസ്‌തമയത്തിന് തൊട്ടുപിന്നാലെയാകും പടിഞ്ഞാറൻ ചക്രവാളത്തിൽ വാൽനക്ഷത്രം പ്രത്യക്ഷപ്പെടുക. 12 മിനിറ്റോളം നഗ്നനേത്രങ്ങളിൽ ഇതു കാണാനാകുമെന്നും ഡോ ജയകൃഷ്‌ണൻ പറഞ്ഞു. ഓരോ ജില്ലയിലും വൈകിട്ട് വാൽനക്ഷത്രം മാനത്ത് കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന സമയക്രമം ഇങ്ങനെ.

  • തിരുവനന്തപുരം- 06:06 PM മുതല്‍ 06:41PM വരെ
  • കൊല്ലം- 06:06PM മുതൽ 06:41PM വരെ
  • ആലപ്പുഴ- 06:07PM മുതൽ 06:42PM വരെ
  • എറണാകുളം- 06:08PM മുതൽ 06:44PM വരെ
  • തൃശൂർ- 06:08PM മുതൽ 06:44PM വരെ
  • മലപ്പുറം- 06:08PM മുതൽ 06:44PM വരെ
  • കോഴിക്കോട്- 06:10PMമുതൽ 06:48PM വരെ
  • കണ്ണൂർ- 06:12PM മുതൽ 06:49PM വരെ
  • കാസർകോട്- 06:12PM മുതൽ 06:49PM വരെ

Be the first to comment

Leave a Reply

Your email address will not be published.


*