കൊല്ലം:ശബരിമല സ്വര്‍ണക്കൊള്ള കേസിലെ നിര്‍ണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വിഎസ്എസ് സിയില്‍ നടത്തിയ വിദഗ്ധ പരിശോധനയുടെ റിപ്പോര്‍ട്ടാണ് മുദ്ര വെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ദ്വാരപാലകശില്‍പം, കട്ടിളപ്പാളി തുടങ്ങി 15 സാംപിളുകളുടെ പരിശോധനാ ഫലമാണ് കോടതിക്ക് കൈമാറിയിക്കുന്നത്.
കൊല്ലം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ശബരിമലയിലെ പഴയ പാളികള്‍ കവര്‍ച്ച ചെയ്യപ്പെട്ടോ, പുതിയ പാളികളിലാണോ സ്വര്‍ണം പൂശിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാകും. പഴയ ചെമ്പുപാളികള്‍ തന്നെയാണോ ശബരിമലയില്‍ ഇപ്പോഴുമുള്ളത്, ആ പാളികളില്‍ തന്നെയാണോ സ്വര്‍ണം പൂശല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടത്തിയത് തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും റിപ്പോര്‍ട്ടിലൂടെ വെളിച്ചത്തുവരും.
ശബരിമലയിലെ സ്വര്‍ണപാളികളുടെ കാലപ്പഴക്കം അടക്കം നിര്‍ണയിക്കാനാണ് വിഎസ് എസ് സിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. പുതുതായി സ്വര്‍ണം പൂശിയതെന്ന് പറയപ്പെടുന്നവയും, ഇതുവരെ കൊണ്ടുപോകാത്ത പാളികളില്‍ നിന്നും താരതമ്യം ചെയ്യുന്നതിനായി സാംപിളുകള്‍ എടുത്തിരുന്നു. കൂടാതെ സ്വര്‍ണത്തിന്റെ കാലപ്പഴക്കവും ഗുണമേന്മയും നിര്‍ണയിക്കാനും വിഎസ് എസ് സിയോട് നിര്‍ദേശിച്ചിരുന്നു.
അതിനിടെ, ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫ് ഭരണകാലത്തെ ദേവസ്വം ബോർഡും കുരുക്കിലായി. തന്ത്രിക്ക് വാജിവാഹനം നൽകിയത് ദേവസ്വം കമ്മീഷണറുടെ ഉത്തരവ് ലംഘിച്ചാണെന്ന് വ്യക്തമായി. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല. പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ പൊതു സ്വത്തായി സംരക്ഷിക്കണമെന്നാണ് 2012ലെ ഉത്തരവിൽ പറയുന്നത്. ഈ ഉത്തരവ് നിലനിൽക്കെയാണ് പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോർഡ് വാജിവാഹനം തന്ത്രിക്ക് നൽകിയത്. 2017ലാണ് വാജിവാഹനം തന്ത്രിക്ക് നൽകുന്നത്.
പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ട സാഹചര്യം വരികയാണെങ്കിൽ അത് ദേവസ്വത്തിൻ്റെ സ്വത്ത് തന്നെയാണെന്നും അത് ആർക്കും കൊണ്ടുപോവാൻ അവകാശമില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇതിൻ്റെ സർക്കുലർ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ എല്ലാ ദേവസ്വം ഓഫീസുകളിലേക്കും നൽകിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം പ്രയാർ ഗോപാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള ബോർഡ് അന്വേഷണത്തിൻ്റെ പരിധിയിൽ വരും.



Be the first to comment