വന്‍കിട പണമിടപാടുകള്‍ ഇനി ആദായനികുതി വകുപ്പിന്റെ ‘റഡാറില്‍’

ന്യൂഡല്‍ഹി: ഹോട്ടല്‍,വിവാഹം, ഹോസ്പിറ്റല്‍, വന്‍കിട ഷോപ്പിങ് സ്ഥാപനങ്ങള്‍ അടക്കം വിവിധ ബിസിനസ് മേഖലകളില്‍ നടക്കുന്ന പണമിടപാടുകള്‍ നിരീക്ഷിക്കുന്നത് ശക്തമാക്കി പ്രത്യക്ഷനികുതി ബോര്‍ഡ്. ആഡംബര ഹോട്ടലുകള്‍ മുതല്‍ ഐവിഎഫ് ക്ലിനിക്കുകള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ചിലത് പണമിടപാട് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം സ്ഥാപനങ്ങളില്‍ നടക്കുന്ന പണമിടപാടുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്ഥ.

രണ്ടു ലക്ഷം രൂപയില്‍ കൂടുതലുള്ള പണമിടപാടുകള്‍ സ്റ്റേറ്റ്മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ ട്രാന്‍സാക്ഷന്‍ വഴി സ്ഥാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിനായി പ്രത്യക്ഷനികുതി ബോര്‍ഡ് തയ്യാറാക്കിയ കര്‍മ്മ പദ്ധതിയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാല്‍, പല ബിസിനസുകളും ഈ വ്യവസ്ഥ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ബോര്‍ഡ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചത്. സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഉയര്‍ന്ന മൂല്യമുള്ള ഉപഭോഗച്ചെലവുകള്‍ പരിശോധിക്കേണ്ടതും നികുതിദായകരുടെ സാമ്പത്തിക വിവരങ്ങളുമായി ക്രോസ്-ചെക്ക് ചെയ്യേണ്ടതും ആവശ്യമാണെന്ന് പ്രത്യക്ഷനികുതി ബോര്‍ഡ് പറയുന്നു.

ഹോട്ടലുകള്‍, കല്യാണവും മറ്റും നടക്കുന്ന വിരുന്നു ഹാളുകള്‍, ആഡംബര ചില്ലറ വ്യാപാരികള്‍, ആശുപത്രികള്‍, എന്‍ആര്‍ഐകള്‍ക്കായി നീക്കിവച്ചിരിക്കുന്ന മെഡിക്കല്‍ സീറ്റുകള്‍ എന്നി മേഖലകളില്‍ ശക്തമായ നിരീക്ഷണം നടത്താനാണ് തീരുമാനം.ഉറവിടങ്ങള്‍ തിരിച്ചറിയാനും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിനും വെരിഫിക്കേഷന്‍ പ്രക്രിയ ആരംഭിക്കാന്‍ നികുതി വകുപ്പിന് ബോര്‍ഡ് നിര്‍ദ്ദേശം നല്‍കി.2023-24 സാമ്പത്തിക വര്‍ഷത്തില്‍ നികുതി വകുപ്പ് 1,100 റെയ്ഡുകളാണ് നടത്തിയത്. റെയ്ഡില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 2500 കോടി രൂപയാണ് കണ്ടുകെട്ടിയത്.

Be the first to comment

Leave a Reply

Your email address will not be published.


*