അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപന സമ്മേളനത്തിന് സര്‍ക്കാര്‍ ചെലവിടുന്നത് ഒന്നരക്കോടി രൂപ. പാവപ്പെട്ടവര്‍ക്കുള്ള ഷെല്‍ട്ടര്‍ നിര്‍മാണ ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ ഒന്നരക്കോടി രൂപ എടുത്തിരിക്കുന്നത്. ഷെല്‍ട്ടര്‍ നിര്‍മ്മാണത്തിന് ആദ്യം നീക്കി വച്ചത് 52.8 കോടി രൂപയാണ്. അതില്‍ നിന്ന് 1.5 കോടി വെട്ടിക്കുറച്ച് 51.3 കോടിയാക്കി മാറ്റിയിരിക്കുകയാണ്.
കേരളപ്പിറവി ദിനമായ ഇന്നാണ് രാജ്യത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളപ്പിറവി ദിനത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് മുഖ്യമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. സര്‍ക്കാറിന്റെ അവകാശവാദം ശുദ്ധ തട്ടിപ്പെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു.തുടര്‍ന്ന് പ്രഖ്യാപനം കേള്‍ക്കാതെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് സഭയില്‍ പറഞ്ഞത് തീര്‍ത്തും അപ്രസക്തമാണെന്നും അവര്‍ തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്ന് പറയുന്നതാണെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.
എന്തിനാണ് പ്രതിപക്ഷം പ്രഖ്യാപനത്തെ ഭയപ്പെടുന്നതെന്നാണ് മനസിലാവാത്തത്. കേരളം അതിദാരിദ്രമുക്തമെനന് പ്രഖ്യാപിക്കുന്ന വിവരം കേരളത്തിലും അറിയാം അതിന് പുറത്തും അറിയാം. ഇത് ചരിത്രപ്രധാനമായ ഒരു കാര്യമായതുകൊണ്ട് നമ്മുടെ നാടിനെയും രാജ്യത്തെയും ലോകത്തെയും അറിയിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗം എന്ന് കണ്ടതുകൊണ്ടാണ് നിയമസഭയുടെ നടപടിക്രമങ്ങളിലൂടെ പ്രഖ്യാപനം നടത്താന്‍ തീരുമാനിച്ചത്.ഈ സര്‍ക്കാര്‍ നടപ്പാക്കാവുന്ന കാര്യമെന്താണോ അതേ പറയാറുള്ളുവെന്നും പ്രതിപക്ഷ നേതാവിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ മമ്മൂട്ടി മുഖ്യാതിഥിയാകും. പക്ഷെ മോഹന്‍ലാലും കമലഹാസനും ഉണ്ടാകില്ല. കമല്‍ഹാസന് ചെന്നൈയിലും മോഹന്‍ലാലിന് ദുബൈയിലും ചില പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് എത്താന്‍ കഴിയാത്തതെന്ന് സര്‍ക്കാരിനെ അറിയിച്ചു. മമ്മൂട്ടി രാവിലെ തന്നെ തിരുവനന്തപുരത്ത് എത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നടനെ സ്വീകരിച്ചു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി ആദ്യമായി പങ്കെടുക്കുന്ന പൊതുപരിപാടിയാണിത്.



Be the first to comment