
തിരുവനന്തപുരം: സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരായ അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് നടപടി.
പ്രശാന്ത് ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം പ്രശാന്ത് നിഷേധിച്ചു. ഇതിന് പ്രശാന്ത് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ വ്യക്തമാക്കുന്നു.
നിലവിലെ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകുമായിട്ടുള്ള അഭിപ്രായ ഭിന്നതയാണ് പിന്നീട് പരസ്യപ്പോരിലേക്കും സസ്‌പെന്‍ഷനിലേക്കും വഴിവെച്ചത്. ഐഎഎസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്താല്‍ ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം പ്രഖ്യാപിക്കുന്നത്. ഇതിനിടെ മൂന്ന് തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു.
Be the first to comment