തിരുവനന്തപുരം: നിയമസഭയില്‍ താന്‍ വായിച്ച നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ആവശ്യം തള്ളി സഭ. മന്ത്രിസഭ അംഗീകരിച്ച പ്രസംഗത്തിനാണ് സാധുതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കീഴ് വഴക്കവും ചട്ടവും നിരത്തിയാണ് നടപടി.
ഭരണഘടനയുടെ അനുച്ഛേദം 176 പ്രകാരമുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ അവതരിപ്പിക്കുന്നത് എന്റെ സര്‍ക്കാരിന്റെ നയങ്ങള്‍ എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നയപ്രഖ്യാപനത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്തോട് കൂടിയാണ് നല്‍കുന്നത്. ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ, ഭിന്നാഭിപ്രാമയമുണ്ടെങ്കിലോ ഗവര്‍ണര്‍ക്ക് അക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാവുന്നതാണ്. ഭിന്നാഭിപ്രായം നിലനില്‍ക്കെ തന്നെ ഗവര്‍ണര്‍മാര്‍ മന്ത്രിസഭ അംഗീകരിച്ച ഭാഗം വായിക്കുന്നതും ഗവര്‍ണര്‍മാര്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കി വായിക്കുന്നതുമായ കീഴ്‌വഴക്കം നേരത്തെ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം തന്നെ സഭാധ്യക്ഷന്‍മാര്‍ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അതേപടി സഭാ രേഖകളുടെ ഭാഗമാകുമെന്ന് റൂളിങ് നല്‍കുകയും ചെയ്തു.
കീഴ്‌വഴക്കങ്ങള്‍ പിന്തുടര്‍ന്നുള്ള റൂളിങ് തന്നെയാണ് സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായത്. ഇത്തവണ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് നല്‍കിയപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ കത്ത് മുഖാന്തരമോ അല്ലാതെയോ അഭിപ്രായങ്ങള്‍ അറിയിച്ചിട്ടില്ല. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം തിരുത്തിവായിക്കുന്ന നടപടി ഇതുവരെ ഉണ്ടായിട്ടില്ല. പാര്‍ലമെന്ററി വ്യവസ്ഥയില്‍ ഇത്തരമൊരു നടപടി ഭരണഘടാനുസൃതമായി കാണാന്‍ കഴിയില്ല. ഗവര്‍ണറുടെ വിവേചനാധികാരങ്ങളെ പറ്റി സുപ്രീം കോടതി തന്നെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിച്ച് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്ന കാര്യം അന്നുതന്നെ താന്‍ സഭയില്‍ ഉന്നയിക്കുകയും സര്‍ക്കാര്‍ നിലപാട് അറിയിക്കുയും ചെയ്തിരുന്നു. പിന്നാലെ സ്പീക്കര്‍ സര്‍ക്കാര്‍ നിലപാടുകളോട് യോജിക്കുകയും സഭയില്‍ റൂളിങ് നടത്തുകയും ചെയ്തിരുന്നു. അതിനുശേഷം ഗവര്‍ണര്‍ തന്റെ പ്രസംഗം അതേരൂപത്തില്‍ തന്നെ ആയിരിക്കണമെന്ന് സ്പീക്കറോട് കത്ത് മുഖാന്തരം ആവശ്യപ്പെട്ടു. എന്നാല്‍, എല്ലാ കാലത്തും ക്യാബിനറ്റ് അംഗീകരിച്ച ഔദ്യോഗിക നയപ്രഖ്യാപന പ്രസംഗം അതേപടി നിയമസഭാ രേഖകളില്‍ ചേര്‍ക്കുന്ന കീഴ് വഴക്കമാണ് നിയമസഭ പിന്തുടര്‍ന്നത്. ഇതേരീതി തന്നെയാണ് പാര്‍ലമെന്റിലും മറ്റ് സംസ്ഥാന നിയസമസഭകളിലുമുള്ളത്. അതിന് മാറ്റം വരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നാണ് സര്‍ക്കാര്‍ കാണുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നല്‍കിയ കത്ത് പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.



Be the first to comment