പ്രവാസിയെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തില്‍ 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. തലശ്ശേരി കതിരൂര്‍ സ്വദേശി താജുദ്ദീനെയാണ് ചക്കരക്കല്‍ പോലീസ് മാലമോഷണക്കേസില്‍ അറസ്റ്റ് ചെയ്തത്. 2018 ല്‍ ഈ കേസില്‍ 54 ദിവസമാണ് താജുദ്ദീന് ജയിലില്‍ കിടക്കേണ്ടി വന്നത്. കേസില്‍ പ്രതിയായതോടെ താജുദ്ദീന് വിദേശത്തെ ജോലി നഷ്ടമാകുകയും ചെയ്തിരുന്നു.
മകളുടെ വിവാഹത്തിനായാണ് പ്രവാസിയായ വ്യക്തി നാട്ടിലെത്തുന്നത്. ഇതിനിടെയാണ് മാല മോഷണക്കേസില്‍ താജുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് താജുദ്ദീനെ കസ്റ്റഡിയിലെടുക്കുന്നതെന്നാണ് പോലീസ് വിശദീകരിച്ചിരുന്നത്. എന്നാല്‍ കേസില്‍ നിരപരാധിയാണെന്ന് താജുദ്ദീന്‍ വിശദീകരിച്ചിരുന്നു.
സംഭവം നടക്കുന്ന സമയത്ത് താന്‍ 11 കിലോമീറ്റര്‍ അപ്പുറത്തായിരുന്നുവെന്നും താജുദ്ദീന്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ പോലീസ് ഇക്കാര്യം മുഖവിലയ്‌ക്കെടുത്തില്ല. തുടര്‍ന്ന് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ അല്ല കേസിലെ പ്രതിയെന്ന് കണ്ടെത്തി. താജുദ്ദീനെ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി വത്സരാജ് ആണ് യഥാര്‍ത്ഥ പ്രതിയെന്നും പോലീസ് കണ്ടെത്തി.
പിന്നീട് താജുദ്ദീന്‍ പോലീസിനെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിച്ചു. ഭാര്യയും മൂന്നുമക്കളും അടക്കം പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയതിനെത്തുടര്‍ന്നുണ്ടായ മാനസിക വിഷമവും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, 14 ലക്ഷം രൂപ താജുദ്ദീനും കുടുംബത്തിനും നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ചു. കൂടുതല്‍ തുകയ്ക്ക് അര്‍ഹതയുണ്ടെങ്കില്‍ കീഴ്‌ക്കോടതിയെ സമീപിച്ച് നേടിയെടുക്കാവുന്നതാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ സൂചിപ്പിച്ചു.



Be the first to comment