
കൊച്ചി: കുഞ്ഞിന്റെ ചോറൂണ് ചടങ്ങില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആറാം പ്രതി എസ് സിജിത് എന്ന അണ്ണന്‍ സിജിത്തിനാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ പരോള്‍ നിഷേധിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ സിജിത്തിന് കുഞ്ഞു ജനിച്ചപ്പോള്‍ 10 ദിവസത്തെ പരോള്‍ അനുവദിച്ചത് കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 23 നും 26 നുമായിരുന്നു കുഞ്ഞിന്റെ ചോറൂണ് നിശ്ചയിച്ചിരുന്നത്. തുടര്‍ന്ന് സിജിത്തിന്റെ ഭാര്യയാണ് ഭര്‍ത്താവിന് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചോറൂണു സമയത്ത് കുഞ്ഞിന്റെ പിതാവ് അടുത്തുണ്ടാവണം എന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യം ഉന്നയിച്ചത്.
ജീവപര്യന്തം ശിക്ഷിക്കപ്പെടുന്നവര്‍ക്ക് പരോള്‍ അനുവദിക്കുന്നത് അസാധാരണ സന്ദര്‍ഭങ്ങളിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി. സിജിത്തിന് ഭാര്യയുടെ പ്രസവ സമയത്ത് പരോള്‍ അനുവദിച്ചിരുന്നു. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് കുട്ടി ഉണ്ടായതിനു ശേഷമുള്ള എല്ലാ ചടങ്ങുകള്‍ക്കും പരോള്‍ അനുവദിക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഹര്‍ജി തള്ളുന്നുവെന്നും കോടതി വ്യക്തമാക്കി.
Be the first to comment