‘വെല്ലുവിളികൾ നിറഞ്ഞ ‘കാന്താര’ യാത്ര, ദൈവാനുഗ്രഹംകൊണ്ടാണ് രക്ഷപ്പെട്ടത്’ ; ഋഷഭ് ഷെട്ടി

‘കാന്താര’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘കാന്താര: ചാപ്റ്റർ 1’ റിലീസിനായി ഒരുങ്ങുമ്പോൾ ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി. ചിത്രീകരണ വേളയിൽ പലതവണ മരണത്തെ മുഖാമുഖം കണ്ടെന്നും ദൈവാനുഗ്രഹംകൊണ്ടു മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറയുന്നു. തുടർച്ചയായ ജോലികാരണം കഴിഞ്ഞ മൂന്നുമാസമായി ശരിയായി ഉറങ്ങിയിട്ടില്ലെന്നും ഋഷഭ് വ്യക്തമാക്കി.

നിർമാതാക്കൾ മുതൽ സെറ്റിലെ കോഫി കൊണ്ടു വരുന്നവർ വരെ ഈ സിനിമയെ സ്വന്തം സിനിമയായി കണ്ടാണ് പ്രവർത്തിച്ചതെന്ന് ഋഷഭ് പറഞ്ഞു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനേക്കാൾ വലിയ അപകടങ്ങളാണ് സെറ്റിൽ ഉണ്ടായത്. ഋഷഭ് ഷെട്ടിക്ക് തന്നെ നാലോ അഞ്ചോ തവണ മരണത്തെ മുന്നിൽ കാണേണ്ടി വന്നു.

ചിത്രീകരണത്തിനിടെ മൂന്ന് പേരാണ് മരണമടഞ്ഞത്. കന്നഡ താരം രാകേഷ് പൂജാരി, അണിയറപ്രവർത്തകൻ എം.എഫ്. കപിൽ, മിമിക്രി കലാകാരനായ മലയാളി കലാഭവൻ നിജു എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെയെല്ലാം വിയോഗം സിനിമാ ലോകത്തിന് വലിയ വേദനയാണ് നൽകിയത്.

മരണങ്ങൾക്ക് പുറമെ മറ്റ് നിരവധി തിരിച്ചടികളും ചിത്രീകരണത്തിന് നേരിടേണ്ടിവന്നു. 20 ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ചിരുന്ന മിനിബസ് അപകടത്തിൽപ്പെട്ടെങ്കിലും ആർക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. കൂടാതെ മോശം കാലാവസ്ഥ കാരണം നിർമ്മിച്ച ചെലവേറിയ സെറ്റും തകർന്നു. ജനുവരിയിൽ കാട്ടിൽ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സിനിമാ സംഘവും നാട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും വനം വകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു.

125 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ എത്താൻ തയ്യാറെടുക്കുകയാണ്. ഋഷഭ് ഷെട്ടിക്ക് പുറമെ രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*