
ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ വാഹനങ്ങള്‍ മരണയന്ത്രങ്ങളായി മാറുമെന്ന് ഹൈക്കോടതി. അധികാരികളുടെ ആവര്‍ത്തിച്ചുള്ള ഉറപ്പുകളും നിര്‍ദ്ദേശങ്ങളും ഉണ്ടായിരുന്നിട്ടും, സീബ്രാ ക്രോസിങ്ങുകളില്‍ കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ ഉണ്ടാകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് ഹൈക്കോടതി ഈ പരാമര്‍ശം നടത്തിയത്.
അശ്രദ്ധമായി ഓടിച്ച വാഹനം ഇടിച്ച് സീബ്രാ ക്രോസിങ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു കാല്‍നടയാത്രക്കാരന് പരിക്കേറ്റ സംഭവം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ പരാമര്‍ശം. ‘നമ്മുടെ സമൂഹം ഡ്രൈവിങ് സംസ്‌കാരത്തെ എത്രമാത്രം അശ്രദ്ധമായി കാണുന്നു എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണിത്’ കോടതി അഭിപ്രായപ്പെട്ടു.
അശ്രദ്ധമായി ഓടിക്കുമ്പോള്‍ ഓരോ വാഹനവും ‘ഒരു യഥാര്‍ത്ഥ കൊലയാളി’ ആയി മാറുമെന്ന് കോടതി നിരീക്ഷിച്ചു. ട്രാഫിക് ഐജി നല്‍കിയ ഉറപ്പുകള്‍ നിലനില്‍ക്കെ, കൊച്ചി പോലുള്ള പ്രധാന നഗരങ്ങളില്‍ സീബ്രാ ക്രോസിങ്ങുകള്‍ ഇല്ലാത്തതോ, അശാസ്ത്രീയമായി ഉപയോഗിക്കുന്നതോ മൂലം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി കോടതി ചൂണ്ടിക്കാട്ടി.
റോഡുകളില്‍ കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ല. സീബ്രാ ക്രോസിങ്ങുകളില്‍ വഴി തടസ്സപ്പെടുന്ന തരത്തില്‍ വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നു. ഇതുമൂലം ട്രാഫിക് ലൈറ്റുകള്‍ അനുകൂലമായിരിക്കുമ്പോള്‍ പോലും കാല്‍നടയാത്രക്കാര്‍ക്ക് പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ ആവര്‍ത്തിച്ച് ഉണ്ടായിട്ടും സ്ഥിതി മാറ്റമില്ലാതെ തുടരുന്നത് ലജ്ജാകരമാണ്. കോടതി അഭിപ്രായപ്പെട്ടു.
പ്രസംഗത്തിലൂടെയല്ല, കടുത്ത നടപടികളിലൂടെ മാത്രമേ നല്ല റോഡ് സംസ്‌കാരം ഉണ്ടാക്കാന്‍ സാധിക്കൂ. പ്രധാന നഗരങ്ങളിലെ എല്ലാ പ്രധാന ജങ്ഷനുകളിലും ശാസ്ത്രീയമായി രൂപകല്‍പ്പന ചെയ്ത സീബ്രാ ക്രോസിങുകള്‍, വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വേണ്ടി ശരിയായി കൈകാര്യം ചെയ്ത ട്രാഫിക് സിഗ്‌നലുകള്‍ എന്നിവ ഉറപ്പാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
ജനങ്ങളുടെ ജീവന്റെ കാര്യമായതിനാല്‍ ഫണ്ടുകളുടെ അപര്യാപ്തത പറഞ്ഞ് ഇക്കാര്യം മാറ്റിവെക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. അന്ന് കേസ് പരിഗണിക്കുമ്പോള്‍, ട്രാഫിക് ഐജി, പി ഡബ്ലിയുഡി സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നിവര്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Be the first to comment