കിഫ്ബി മസാലബോണ്ട് കേസില്‍ ഇഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് എതിരായ നോട്ടീസിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: കിഫ്ബി മസാലബോണ്ട് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരായ ഇഡി നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കെതിരായ നോട്ടീസും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്. ഇഡി അഡ്ജുഡിക്കേറ്റിങ്ങ് അതോറിറ്റിയുടെ നടപടിയാണ് സ്റ്റേ ചെയ്തത്.

സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിലാണ് കിഫ്ബിയുടെ ചെയര്‍മാനായത്. ഔദ്യോഗിക തലത്തിലുള്ള നിലപാടാണ് ഇതില്‍ സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. മസാല ബോണ്ടു വഴി സമാഹരിച്ച ഏതാണ്ട് 2000 കോടി രൂപയില്‍ 450 കോടിയോളം രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഭൂമി വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നത്.

എന്നാല്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല നടത്തിയതെന്നും, ഭൂമി ഏറ്റെടുത്തത് സംസ്ഥാനത്തിന്റെ അടിസ്ഥാന വികസനപദ്ധതികളുടെ ഭാഗമായിട്ടാണെന്നുമായിരുന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നത്. ഈ വാദം പരിഗണിച്ച് മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും കെ എം എബ്രാഹമിനുമെതിരെ നോട്ടീസില്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതില്‍ തുടര്‍വാദം ജനുവരിയില്‍ നടക്കുമെന്നും കോടതി അറിയിച്ചു.

മസാലബോണ്ട് വഴി വിദേശത്തു നിന്നും സമാഹരിച്ച പണം ഫെമ ചട്ടം ലംഘിച്ച് ഭൂമി വാങ്ങാന്‍ ഉപയോഗിച്ചു എന്ന ആക്ഷേപത്തില്‍ കിഫ്ബിക്കെതിരായ നോട്ടീസില്‍ തുടര്‍നടപടികള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് പ്രവര്‍ത്തനമായി പറയാനാവില്ലെന്ന വാദത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും അഡ്ജുഡിക്കേഷന്‍ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ അധികാരമില്ലെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*