
അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിനെതിരായ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹര്ജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പുസ്തകം കാണാതെയാണോ ഹര്‍ജി നല്‍കിയത്?. പുകവലിക്കെതിരെ മുന്നറിയിപ്പ് കവര്‍ പേജില്‍ നല്കിയിട്ടുണ്ടല്ലോ. പുസ്തകം മറിച്ചുപോലും നോക്കാതെയാണോ കോടതിയെ സമീപിച്ചിരിക്കുന്നതെന്നും കോടതി ചോദിച്ചു. ഹര്‍ജിക്കാരനെതിരെ പിഴ വിധിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
അരുന്ധതി റോയിയുടെ മദര്‍മേരി കംസ് ടു മീ എന്ന പുസ്തകത്തിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. ചീഫ് ജസ്റ്റിസ് നിതിന്‍ ജാംധാര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പുസ്തകത്തിന്റെ കവര്‍ പുകവലിക്കുന്ന ചിത്രമാണെന്നും, പുകവലിക്കെതിരെ നിയമപ്രകാരമുള്ള മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നും, ഇത് യുവജനങ്ങളെ വഴിതെറ്റിക്കുമെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ ഹര്‍ജിയില്‍ അരുന്ധതി റോയ്, പുസ്തക പ്രസാധകര്, കേന്ദ്രസര്‍ക്കാര്‍ എന്നിവരോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയില്‍ പുസ്തകത്തില്‍ പുകവലിക്കെതിരെ മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രസാധകര് കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹര്‍ജിക്കാരനെ കോടതി വിമര്‍ശിച്ചത്. ഹര്ജിക്കാരന് നിലപാട് അറിയിക്കണമെന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി ഒക്ടോബര്‍ 7 ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.
Be the first to comment