കേരള സ്റ്റോറി 2 തള്ളി കേരളം; മറ്റ് സംസ്ഥാനങ്ങളിലെ പ്രകടനം എങ്ങനെ? ബോക്‌സ് ഓഫിസ് കലക്ഷന്‍

വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കുമൊടുവില്‍ കേരള സ്റ്റോറി ഗോസ് ബിയോണ്ട് റിലീസിന് എത്തിയിരിക്കുകയാണ്. കേരളത്തിലെ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഈ ചിത്രം ബഹിഷ്‌കരിച്ചെങ്കിലും ചിത്രം മറ്റു സംസ്ഥാനങ്ങള്‍ ഏറ്റെടുത്തോ ഇല്ലയോ എന്ന് പരിശോധിക്കാം.

നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ച തിയതിയില്‍ തന്നെ ‘ദി കേരള സ്റ്റോറി 2’ തിയേറ്ററുകളിലെത്തി. എന്നാല്‍ റിലീസ് ദിനത്തിൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തണുപ്പൻ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

സിനിമയുടെ പ്രദർശനം തടയുമെന്ന് ഡി.വൈ.എഫ്.ഐ പ്രഖ്യാപിച്ച സാഹചര്യത്തിൽ മലബാറിലെ തിയേറ്ററുകളിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നിർമ്മാതാവും തിയേറ്റർ ഉടമയുമായ ലിബർട്ടി ബഷീർ ഇ ടിവി ഭാരതിനോട് പറഞ്ഞു.

കണ്ണൂരിലെ ലിബർട്ടി തിയേറ്ററിലെ കേരള സ്റ്റോറി 2 വിന്റെ എല്ലാ ഷോകളും റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഷോകളായിരുന്നു ഉണ്ടായിരുന്നത്.

ആദ്യഭാഗം ബോക്‌സ് ഓഫിസില്‍ 300 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ പ്രേക്ഷകര്‍ കേരളത്തിന് പുറത്ത് ആ ചിത്രത്തെ സ്വീകരിച്ചോ തള്ളിയോ എന്ന് നോക്കാം. കാമാഖ്യ നാരായണന്‍ സിംഗിന്‍റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് ദി കേരള സ്റ്റോറി 2.

2023 ലാണ് കേരള സ്റ്റോറി ആദ്യഭാഗം പുറത്തിറങ്ങിയത്. ഈ ചിത്രം പുറത്തിറങ്ങിയത് മുതല്‍ വലിയ വിവാദമുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ വിവാദത്തിന് തിരികൊളുത്തിയിരുന്നു. വലിയ പ്രതിഷേധങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കുമൊടുവിലായി ഇന്നലെയാണ് (ഫെബ്രുവരി 27) ചിത്രം തിയേറ്ററുകളില്‍ എത്തിയത്.

ആഗോളതലത്തില്‍ 4.15 കോടി രൂപയാണ് ആദ്യദിനത്തില്‍ ചിത്രത്തിന് നേടാനായത്. ഇന്ത്യയില്‍ നിന്ന് മാത്രം 3.5 കോടി രൂപയും റിലീസ് ദിനത്തില്‍ സ്വന്തമാക്കാനായി. ഇന്നലെ രാവിലെ തിയേറ്റര്‍ ഒക്യുപ്പന്‍സി 7.32 ശതമാനമായിരുന്നു. മാറ്റിനിക്ക് 15.82 ശതമാനവും വൈകുന്നേരം 7.30 ശതമാനവും സെക്കന്‍റ് ഷോയ്ക്ക് 17.51 ശതമാനവുമായിരുന്നു തിയേറ്റര്‍ ഒക്യുപ്പന്‍സി. പൊതുവെ വളരെ കുറഞ്ഞ രീതിയിലാണ് തിയേറ്റര്‍ ഒക്യുപ്പന്‍സി. ഇനിയുള്ള രണ്ടു ദിവസങ്ങളിലും ഈ ചിത്രത്തിന്‍റെ കലക്ഷന്‍ വര്‍ധിക്കുമോയെന്നാണ് ട്രാക്കര്‍മാരും സിനിമയുടെ അണിയറ പ്രവര്‍ത്തകരും ഉറ്റുനോക്കുന്നത്.

ആദ്യഭാഗം ദി കേരള സ്റ്റോറി ബോക്‌സ് ഓഫിസില്‍ വലിയ വിജയമാകുക മാത്രമല്ല മികച്ച സംവിധായകനും ഛായാഗ്രഹണത്തിനും ദേശീയ പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

എന്നാല്‍ സിനിമയ്ക്ക് ലഭിച്ച അംഗീകാരങ്ങളോ തിയേറ്റര്‍ വിജയമോ തന്‍റെ മുന്നോട്ടുള്ള യാത്രയെ സുഖമമാക്കിയില്ലെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. സിനിമയുടെ രണ്ടാം ഭാഗം റിലീസ് ആയതിന് പിന്നാലെയാണ് പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*