
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ സിൻസിക്കേറ്റ് യോഗം റദ്ദാക്കി. രജിസ്ട്രാർ കെ എസ് അനിൽകുമാറിന്റെ സസ്പെൻഷനാണ് റദ്ദാക്കിയത്. താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ എതിർപ്പ് മറികടന്നാണ് സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. കഴിഞ്ഞ 25 നാണ് വിസി മോഹൻ കുന്നുമ്മേൽ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്.
കേരള സർവകലാശാലയിൽ രാവിലെ ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഇടത് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ അജണ്ടയ്ക്ക് പുറത്തുള്ള വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് വി സി നിലപാടെടുത്തു. ഇതോടെ യോഗം വൻ ബഹളമായി മാറി. തുടർന്ന് താൽക്കാലിക വിസി ഡോ. സിസി തോമസിന്റെ വിയോജനക്കുറിപ്പോടെ, രജിസ്ട്രാറുടെ നടപടി സിൻഡിക്കേറ്റ് റദ്ദാക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും, നിയമവിരുദ്ധമാണെന്നും സർവകലാശാല ചട്ടത്തിനും സ്റ്റാറ്റ്യൂട്ടിനും വിരുദ്ധമാണ് നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയത്. സസ്പെന്‍ഷന്‍ നടപടി അന്വേഷിക്കാൻ മൂന്നംഗ സമിതിയെയും സിൻഡിക്കേറ്റ് യോഗം ചുമതലപ്പെടുത്തി. ഡോ. ഷിജുഖാൻ, അഡ്വ.ജി.മുരളീധരൻ, ഡോ.നസീബ് എന്നിവരെയാണ് ചുമതലപ്പെടുത്തിയത്. തീരുമാനം കോടതിയെ അറിയിക്കാൻ സ്റ്റാൻഡിംഗ് കോൺസലിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
എന്നാൽ സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ട് താൻ ഇറങ്ങിപ്പോന്നതായി താൽക്കാലിക വിസി ഡോ. സിസ തോമസ് പറഞ്ഞു. രജിസ്ട്രാറുടെ സസ്പെൻഷൻ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. അതുകൊണ്ടുതന്നെ സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യാനാകില്ല. സസ്പെൻഷൻ തുടരും. വിസിയുടെ അസാന്നിധ്യത്തിൽ എടുക്കുന്ന സിൻഡിക്കേറ്റ് യോഗത്തിന് നിയമസാധുതയില്ല. തന്റെ അസാന്നിധ്യത്തിൽ നടക്കുന്നത് സിൻഡിക്കേറ്റ് യോഗമല്ല കുശലസംഭാഷണങ്ങൾ മാത്രമാണ്. വിസിയുടെ നിലപാട് കോടതിയിൽ അറിയിക്കുമെന്നും ഡോ. സിസ തോമസ് വ്യക്തമാക്കി.
Be the first to comment