ദി കിംഗ് ഈസ് ബാക്ക്; 35 വർഷത്തിന് ശേഷം അലക്സാണ്ടർ വീണ്ടും എത്തുന്നു

റീ റിലീസ് തരംഗത്തിൽ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ‘സാമ്രാജ്യം’ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. 1990-ൽ പുറത്തിറങ്ങിയ ഈ ഗ്യാങ്സ്റ്റർ ചിത്രം പുത്തൻ സാങ്കേതിക വിദ്യകളോടെയാണ് പ്രേക്ഷകരിലേക്ക് തിരിച്ചെത്തുന്നത്. ഈ മാസം 19-നാണ് ചിത്രത്തിൻ്റെ റീ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

ജോമോൻ സംവിധാനം ചെയ്ത ചിത്രത്തിൽ അലക്സാണ്ടർ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. റിലീസ് സമയത്ത് വലിയ വിജയം നേടിയ ചിത്രം മമ്മൂട്ടിയുടെ സ്റ്റൈലിഷ് ഗെറ്റപ്പുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ അന്നും ഇന്നും ചർച്ചയാവുന്ന ഒരു വിഷയം കൂടിയാണ് ചിത്രത്തിലെ മമ്മൂട്ടിയുടെ സ്റ്റൈൽ.

ആരിഫാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജ്മൽ ഹസ്സൻ നിർമ്മിച്ച സാമ്രാജ്യം മികച്ച അവതരണ ഭംഗികൊണ്ട് മലയാളത്തിനു പുറത്തും ശ്രദ്ധ നേടി. പല ഭാഷകളിലേക്കും ചിത്രം ഡബ്ബ് ചെയ്യുകയും റീമേക്ക് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതവും സിനിമയുടെ വലിയ ആകർഷണമാണ്.

മധു, ക്യാപ്റ്റൻ രാജു, വിജയരാഘവൻ, അശോകൻ, ശ്രീവിദ്യ, സോണിയ, ബാലൻ കെ നായർ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ഷിബു ചക്രവർത്തിയാണ് ചിത്രത്തിൻ്റെ തിരക്കഥ. ജയനൻ വിൻസെൻ്റ് ആണ് ഛായാഗ്രഹണം നിർവഹിച്ചത്.

4K, ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെയാണ് സാമ്രാജ്യം പുതിയ തലമുറയിലേക്ക് എത്തുന്നത്. 35 വർഷങ്ങൾക്കിപ്പുറവും അലക്സാണ്ടർ എന്ന കഥാപാത്രം പ്രേക്ഷകരെ ആവേശം കൊള്ളിക്കുമോ എന്ന് കണ്ടറിയാം.

Be the first to comment

Leave a Reply

Your email address will not be published.


*