ദേശീയപാതയില്‍ കുമ്പള ആരിക്കാടി ടോള്‍ പ്ലാസയില്‍ 22 ദിവസത്തിനുള്ളില്‍ ടോൾ പിരിവിലൂടെ സമാഹരിച്ചത് 2.71 കോടി രൂപ. കുമ്പളയിലെ വ്യാപാരി അബ്ദുല്‍ ഖാദര്‍ ഫിര്‍ഷാദ് കോട്ട വിവരാവകാശനിയമ പ്രകാരം നല്കിയ അപേക്ഷയില്‍ ലഭിച്ച മറുപടിയിലാണ് ദേശീയപാത കണ്ണൂര്‍ മേഖല പ്രോജക്ട് ഡയറക്ടര്‍ കണക്കുകള്‍ സഹിതം വിവരങ്ങള്‍ നല്‍കിയത്.
ജനുവരി 12 ന് ആണ് ടോൾ പിരിവ് ഈടാക്കിത്തുടങ്ങിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഫെബ്രുവരി 4ന് ആണ് ടോള്‍ പ്ലാസ് അടച്ചുപൂട്ടിയത്. ഫാസ്ടാഗിലൂടെ 2.7 കോടിയും യുപിഐ ക്യൂആര്‍ കോഡിലൂടെ 26,000 രൂപയും കൗണ്ടറുകളില്‍ പണം നല്‍കിയതിലൂടെ 1.1 ലക്ഷം രൂപയുമാണ് കിട്ടിയതെന്നും രേഖകളില്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിര്‍മാണ പ്രവ്യത്തി പൂര്‍ത്തിയായ ടോള്‍ പ്ലാസയില്‍ കഴിഞ്ഞ നവംബര്‍ നാല് മുതല്‍ ടോൾ ഈടാക്കാനായിരുന്നു ദേശീയപാത അതോറിറ്റി ഉത്തരവിട്ടത്. എന്നാല്‍ ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിഷേധങ്ങള്‍ തുടരുകയും ഇതിനിടെ തദ്ദേശ തെരഞ്ഞെടുപ്പും കോടതിയില്‍ ഹര്‍ജിയുമായതിനാല്‍ ജനുവരി 12 മുതലായിരുന്നു തുടങ്ങിയത്. അന്നു തന്നെ ടോള്‍ പ്ലാസയിലേക്ക് ആക്ഷന്‍ കമ്മറ്റി പ്രതിഷേധം നടത്തി. 13 മുതല്‍ എകെഎം അഷ്റഫ് എംഎല്‍എയുടെ നേത്യത്വത്തില്‍ ടോള്‍പ്ലാസയ്ക്കു സമീപം അനിശ്ചിതകാല സമരം തുടങ്ങിയിരുന്നു.
14നു രാത്രി പ്രതിഷേധം ശക്തമായതോടെ അക്രമസംഭവങ്ങൾ നടക്കുകയും ചെയ്തു. 15 മുതൽ സമരം നടത്താൻ പാടില്ലെന്നു എംഎൽഎയ്ക്കു പോലീസ് നോട്ടിസ് നൽകി. 15നു രാവിലെ സമരപ്പന്തൽ പൊളിച്ചുനീക്കുകയും എംഎൽഎ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ടോൾ പ്ലാസ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് വിവിധ സമരങ്ങൾ നടന്നു. ഇതിനിടെയാണ് ഫെബ്രുവരി 4ന് ടോൾ പ്ലാസ അടച്ചുപൂട്ടിയുള്ള കേന്ദ്ര സർക്കാരിന്റെ ഉത്തരവിറങ്ങിയത്.
രണ്ട് കോടിയിലേറെ രൂപയാണ് ടോൾ പ്ലാസ നിർമിക്കുന്നതിനു ചെലവായതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ കുറേഭാഗങ്ങൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇനിയും പൊളിക്കാനുണ്ടെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.



Be the first to comment