നല്ല എണ്ണയിൽ പൊരിച്ചെടുത്ത പലഹാരങ്ങൾ, പല നിറത്തിലുള്ള ഡോണട്ട്, ക്രിസ്പ്പി ചിപ്പ്സ് തുടങ്ങി നിരവധി വിഭവങ്ങൾ കണ്ടാൽ ആരായാലും ഒന്ന് കൊതിച്ചു പോകും. ഇത്തരം ഫാസ്റ്റ് ഫുഡുകള്‍ യുകെയിലും കാനഡയിലും മാത്രമല്ല ഇന്ത്യയിലും വലിയ ട്രെൻഡിങ് ആകുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്.
രാജ്യത്ത് ഫാസ്റ്റ് ഫുഡുകളുടെ ഉപഭോഗം കുതിച്ചുയര്‍ന്നുവെന്നാണ് പഠനങ്ങള്‍ കണ്ടെത്തിയത്. ബർഗർ, ഫ്രഞ്ച് ഫ്രൈസ്, ഷവർമ, ശീതളപാനികൾ തുടങ്ങിയ അൾട്രാ-പ്രോസസ്ഡ് ഫുഡിലേക്ക് ഭൂരിഭാഗം പേരും മാറുന്നുവെന്നും പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ഇത്തരം ഭക്ഷണങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും യുവാക്കളില്‍ ഉള്‍പ്പെടെ ഗുരുതരമായ രോഗത്തിന് കാരണമാകുമെന്നും ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം അൾട്രാ-പ്രോസസ്ഡ് ഫുഡിൻ്റെ ഉപയോഗം കാരണം യുവാക്കളില്‍ പൊണ്ണത്തടി, പ്രമേഹം എന്നീ രോഗങ്ങൾ വർധിക്കുന്നതായി കണ്ടെത്തി. ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന കൃത്രിമ ഘടകങ്ങൾ മൂലമാണ് ഇത്തരം കേസുകൾ വർധിച്ചതെന്നും ആരോഗ്യത്തെ ഇത് ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ ഉപ്പ്, പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, ഉയർന്ന കലോറി എന്നിവ അടങ്ങിയതാണ് ഈ ഭക്ഷണങ്ങൾ, ഇത് ശരീരത്തിന് ദോഷകരമാണ്.
എന്താണ് യുപിഎഫ്
അമിതമായി സംസ്കരിച്ച ഭക്ഷ്വസ്തുക്കളെയാണ് അൾട്രാ-പ്രോസസ്ഡ് ഫുഢ് അഥവാ യുപിഎഫ് എന്ന് പറയുന്നത്. ഇത്തരം ഫുഡിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവയും പ്രിസർവേറ്റീവുകൾ, നിറങ്ങൾ തുടങ്ങിയ അഡിറ്റീവുകളും അടങ്ങിയിരിക്കുന്നു. പോഷകഘടകങ്ങൾ കുറവായത് മൂലമാണ് ഇവ ആരോഗ്യത്തെ ബാധിക്കുന്നത്.
പായ്ക്കറ്റിലാക്കി വിൽപനയ്ക്കെത്തുന്ന ബ്രെയ്ക്ക്ഫാസ്റ്റ് സിരിയലുകൾ, കൃത്രിമ മധുരപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, പാചകം ചെയ്യാതെ കഴിക്കാവുന്ന പലതരം റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നു. കുറെ കാലം കേടാവാതിരിക്കാൻ പല തരം രാസവസ്തുക്കളും മറ്റും ചേർക്കാറുണ്ട്. വല്ലപ്പോഴും കഴിക്കുന്നതിൽ തെറ്റിൽ. മറിച്ച് നിയന്ത്രണമില്ലാതെ കഴിക്കുന്നതാണ് പ്രശ്നം. ലേബൽ വായിച്ചുനോക്കി മാത്രം അവ ഉപയോഗിക്കുക.
അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ
- മധുര പാനീയങ്ങൾ (സോഡ, ജൂസ്)
- പാക്കേജുചെയ്ത പലഹാരങ്ങൾ (ചിപ്സ്, ബിസ്ക്കറ്റുകൾ, കേക്കുകൾ)
- ഫാസ്റ്റ് ഫുഡ് (കൊമേഴ്സ്യൽ ബർഗറുകൾ, പിസ, ചിക്കൻ നഗ്ഗറ്റ്സ്)
- റെഡി-ടു-ഈറ്റ് അല്ലെങ്കിൽ ഫ്രോസൺ ഭക്ഷണം
- പാക്കേജുചെയ്ത മാംസ ഉത്പന്നങ്ങൾ (സോസേജ്, ഹോട്ട് ഡോഗ്)
- മധുരമുള്ള ബ്രേക്ക്ഫാസ്റ്റ് സിറീയൽസ്
- കാൻഡി, ചോക്ലേറ്റ്, ഐസ്ക്രീം
പ്രോസസ് ഫുഡുകളുടെ ഉപഭോഗം കുതിച്ചുയരുന്നു
ഇന്ത്യയിൽ യുപിഎഫിൻ്റെ വിൽപ്പന റോക്കറ്റിനേക്കാൾ വേഗതയിലാണ് പോകുന്നത് എന്ന് പറഞ്ഞാൽ മിക്ക ആളുകളും ഒന്ന് ഞെട്ടും. 13 വർഷം കൊണ്ട് 40 മടങ്ങാണ് വർധിച്ചത്. 2006-ൽ 0.9 ബില്യൺ ഡോളറിൽ നിന്ന് 2019-ൽ ഏകദേശം 38 ബില്യൺ ഡോളറായി കുത്തനെ ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇവ പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, വിഷാദം, അകാല മരണം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുന്നു എന്ന് ദി ലാൻസെറ്റ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
പരസ്യങ്ങളിലൂടെയും മറ്റും കുട്ടികളെയും യുവാക്കളെയും ഇത്തരം ഉത്പ്പനങ്ങൾ വാങ്ങിക്കാൻ പ്രേരിപ്പിച്ചു. ഈ പ്രവണത പുരുഷന്മാരിലും സ്ത്രീകളിലും പൊണ്ണത്തടി നിരക്ക് ഇരട്ടിയാക്കുന്നതിന് കാരണമായെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉപഭോഗം വർദ്ധിപ്പിക്കുന്നതിനായി യുപിഎഫ് കമ്പനികൾ പല തരത്തിലുള്ള മാർക്കറ്റിങ് തന്ത്രങ്ങളും പുറത്തിറക്കുന്നുണ്ട്.
പൊണ്ണത്തടിയും പ്രമേഹവും തടയുന്നതിനും യുപിഎഫ് ഉപഭോഗം കുറയ്ക്കാൻ ഇന്ത്യ വേഗത്തിൽ നടപടിയെടുക്കണമെന്നും ഡോ അരുൺ ഗുപ്ത പറഞ്ഞു. ഉൽപ്പാദനം, വിപണനം, ആരോഗ്യകരമായ ഭക്ഷണങ്ങളിലേക്കും മറ്റ് ശ്രദ്ധ കേന്ദ്രികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിഎഫുകളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടസാധ്യതകൾ കണക്കിലെടുത്ത്, ശക്തമായ നിയന്ത്രണങ്ങൾ, സുതാര്യമായ ലേബലിങ്, പരസ്യങ്ങളുടെയും സെലിബ്രിറ്റി അംഗീകാരങ്ങളുടെയും നിരോധനം എന്നിവയുടെ ആവശ്യകത വിദഗ്ദ്ധർ ഊന്നിപ്പറയുന്നു.
ഫാസ്റ്റ് ഫുഡ് കഴിക്കുന്നതുകൊണ്ടുള്ള പ്രധാന ആരോഗ്യപ്രശ്നങ്ങൾ താഴെക്കൊടുക്കുന്നു:
അമിതവണ്ണം
- ഫാസ്റ്റ് ഫുഡിൽ ഉയർന്ന അളവിൽ കലോറിയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം വർധിപ്പിക്കുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യും.
- അമിതവണ്ണം ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ പല രോഗങ്ങൾക്കും വഴിവയ്ക്കും.
ഹൃദയസംബന്ധമായ രോഗങ്ങൾ
- ഫാസ്റ്റ് ഫുഡിൽ കൂടുതലായി കാണുന്ന ട്രാൻസ് ഫാറ്റും സാച്ചുറേറ്റഡ് ഫാറ്റും ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു.
- ഇത് രക്തസമ്മർദ്ദം കൂട്ടുകയും ഹൃദ്രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
പ്രമേഹം
- ഫാസ്റ്റ് ഫുഡിലെ അമിതമായ പഞ്ചസാരയും കാർബോഹൈഡ്രേറ്റും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു.
- ഇത് ഇൻസുലിൻ പ്രതിരോധത്തിനും ടൈപ്പ് 2 പ്രമേഹത്തിനും കാരണമാകും.
ദഹനപ്രശ്നങ്ങൾ
- നാരുകൾ കുറവായതുകൊണ്ട് ദഹനപ്രക്രിയയെ ബാധിക്കുന്നു.
- ഇത് മലബന്ധം, വയറുവേദന, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും.
കരൾരോഗങ്ങൾ
- പതിവായ ഫാസ്റ്റ് ഫുഡ് ഉപയോഗം കരളിൽ കൊഴുപ്പടിയുന്ന ഫാറ്റിലിവർ രോഗത്തിലേക്ക് നയിച്ചേക്കാം.
മാനസികാരോഗ്യ പ്രശ്നങ്ങൾ
- ഫാസ്റ്റ് ഫുഡിലെ പോഷകക്കുറവ് വിഷാദം, ഓർമക്കുറവ് പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
വൃക്കരോഗങ്ങൾ
- സോഫ്റ്റ് ഡ്രിങ്കുകളിലും മറ്റ് ഫാസ്റ്റ് ഫുഡുകളിലും അടങ്ങിയ ഫ്രക്ടോസ് വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാൻ സാധ്യതയുണ്ട്.
ഈ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ, ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് കുറയ്ക്കുകയും പോഷകസമൃദ്ധമായ ഭക്ഷണം ശീലമാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പഠനത്തില്‍ പറയുന്നു.



Be the first to comment