കേരളത്തിന് കുറുകേ ന്യൂനമര്‍ദ്ദ പാത്തി, കൂടാതെ ചക്രവാതച്ചുഴിയും; 23 വരെ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ചിലയിടങ്ങളില്‍ മിന്നലോടു കൂടി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തില്‍ നിന്നും തെക്കന്‍ തമിഴ്നാടിനും തെക്കന്‍ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു.

ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഫെബ്രുവരി 23 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.

ഭൂമധ്യ രേഖ പ്രദേശത്തുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ശ്രീലങ്ക ഭാഗത്തേക്ക് സഞ്ചരിച്ച് ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കർശന ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*