ഫാസ്ടാഗ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!, ഈ ലംഘനം കരിമ്പട്ടികയില്‍ എത്തിച്ചേക്കാം; കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി

ന്യൂഡല്‍ഹി: ഫാസ്ടാഗുകളുടെ ദുരുപയോഗം തടയാന്‍ നടപടി കടുപ്പിച്ച് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. ഫാസ് ടാഗുകള്‍ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ പതിപ്പിക്കാത്ത സംഭവങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ടോള്‍ പിരിവ് ഏജന്‍സികളോട് അടക്കം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ഫാസ്ടാഗുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് വേഗത്തിലുള്ള നടപടികള്‍ സ്വീകരിക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.

ഫാസ്ടാഗുകള്‍ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ പതിപ്പിക്കാതെ ചില ഉപയോക്താക്കള്‍ മനഃപൂര്‍വം ഓട്ടോമേറ്റഡ് ടോള്‍ പിരിവ് സംവിധാനത്തെ തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ടോള്‍ പിരിവ് ഏജന്‍സികളോട് അടക്കം നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം ലംഘനങ്ങള്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇ-മെയില്‍ ഐഡിയും നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഘട്ടത്തില്‍ തന്നെ ഫാസ്റ്റ് ടാഗുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് അടക്കമുള്ള നടപടികള്‍ വേഗത്തില്‍ സ്വീകരിക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റി തീരുമാനിച്ചിരിക്കുന്നത്.

ടോള്‍ പിരിവുമായി ബന്ധപ്പെട്ട് നിരവധി പരിഷ്‌കാരങ്ങള്‍ക്കാണ് നാഷണല്‍ ഹൈവേ അതോറിറ്റി രൂപം നല്‍കിയിരിക്കുന്നത്. ഫാസ്ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക പാസ് സംവിധാനം, മള്‍ട്ടി ലെയ്ന്‍ ഫ്രീ ഫ്‌ലോ അടക്കമുള്ള പരിഷ്‌കാരങ്ങളാണ് രാജ്യമൊട്ടാകെ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിന് ഫാസ്ടാഗ് വാഹനത്തില്‍ ഉചിതമായ സ്ഥലത്ത് പതിപ്പിക്കേണ്ടത് അനിവാര്യമാണ്. അയഞ്ഞ മട്ടില്‍ ഫാസ്ടാഗുകള്‍ പതിപ്പിക്കുന്നത് ഓട്ടോമേറ്റഡ് ടോള്‍ പിരിവ് സംവിധാനത്തെ ബാധിക്കുന്നുണ്ട്. ഇത് ടോള്‍ ബൂത്തുകളില്‍ വാഹനങ്ങളുടെ നീണ്ടനിര സൃഷ്ടിക്കാനും ഇടയാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് നടപടികള്‍ കടുപ്പിച്ചത്.

വ്യവസ്ഥകള്‍ ലംഘിച്ച് ഫാസ്ടാഗ് ദുരുപയോഗം ചെയ്യുന്നത് തെറ്റായ ചാര്‍ജ് ബാക്കുകള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ ക്ലോസ്ഡ്-ലൂപ്പ് സിസ്റ്റങ്ങളില്‍ പലപ്പോഴും ഫാസ് ടാഗ് ദുരുപയോഗം ചെയ്യപ്പെടുന്നതിന് ഇടയാക്കുന്നുണ്ട്. ഇത് ഒടുവില്‍ മറ്റ് ഹൈവേ ഉപയോക്താക്കള്‍ക്ക് കാലതാമസത്തിനും അസൗകര്യത്തിനും കാരണമാകുന്നത് കണക്കിലെടുത്താണ് നടപടി കടുപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*