എൻഡിഎയുമായി ഒന്നിച്ചുപോകാനുള്ള തീരുമാനം വളരെ ആലോചിച്ച് എടുത്തതാണെന്ന് ട്വന്റി -20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബ്. കേരളത്തെ മാറ്റിയെടുക്കാനുള്ള ശ്രമത്തിൽ ഒറ്റയ്ക്ക് നിന്നുകഴിഞ്ഞാൽ അത് എത്രത്തോളം പ്രായോഗികമായി നടപ്പിലാക്കുമെന്ന ആശങ്കയുണ്ടായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ട്വന്റി -20 യെ ഇല്ലാതാക്കാൻ ശ്രമം നടത്തി. അതിനായി 25 ഓളം രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ച് ചേർന്ന് ഒരു സഖ്യമുണ്ടാക്കി. എന്നിട്ടും വോട്ടിങ് ശതമാനം കൂടുതലാണ് പാർട്ടിയ്ക്ക് കിട്ടിയത്. തകർക്കാൻ പറ്റാത്ത രാഷ്ട്രീയപാർട്ടിയായി ട്വന്റി -20 മാറിയെന്നും സാബു എം ജേക്കബ് പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ചേർന്ന് ഈ നാട് ഭരിച്ച് കട്ടുമുടിക്കുന്നത് കണ്ട് മനംമടുത്തിട്ടാണ് ഒരു വ്യവസായിയായ താൻ രാഷ്ട്രീയത്തിലേക്ക് വരുന്നത്, അങ്ങിനെയാണ് ട്വന്റി- 20 എന്ന പാർട്ടി ഉണ്ടാക്കിയതും . കഴിഞ്ഞ 14 വർഷക്കാലമായി ജനങ്ങളുടെ ക്ഷേമത്തിനും കേരളത്തിന്റെ വികസനത്തിനായി ഒട്ടനവധി മാതൃക പരമായ കാര്യങ്ങൾ ഞങ്ങൾ ചെയ്തു. അതിന്റെ ഭാഗമായിരുന്നു ഭക്ഷ്യസുരക്ഷ. വിലക്കയറ്റം പിടിച്ചുനിർത്തുണമെന്ന് പറഞ്ഞാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത് പക്ഷെ വിലക്കയറ്റം പിടിച്ചുനിർത്താൻ സാധിച്ചില്ല എന്ന് മാത്രമല്ല വിലക്കയറ്റം രണ്ടും മൂന്നും ഇരട്ടിയായി സാധനങ്ങളുടെ വില വർധിക്കുകയാണ് ഉണ്ടായത് സാബു എം ജേക്കബ് പറഞ്ഞു.
വികസിത കേരളം യാഥാർഥ്യമാകുകയാണ് ലക്ഷ്യം. ആരൊക്കെ നേരത്തെ ചർച്ച നടത്തിയോ എന്നതിന് പ്രസക്തി ഇല്ല.എല്ലാ മുന്നണികളും ചർച്ചക്ക് വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എട്ട് സ്ഥലങ്ങളിൽ മത്സരിച്ചു. ഇനി ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല. എൻഡിഎ മുന്നണിയുടെ ഭാഗമായി കഴിഞ്ഞു. ഇനി കൂട്ടായ തീരുമാനങ്ങൾ എടുക്കും. എൻഡിഎയുടെ ആശയങ്ങൾ യോജിക്കാൻ കഴിയുന്നതാണെന്നും അത് മനസിലാക്കിയതിനാലാണ് പാർട്ടിയുടെ ഭാഗമായതെന്നും സാബു എം ജേക്കബ് വ്യക്തമാക്കി.



Be the first to comment