നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചു വരിക മാത്രമാണ് ലക്ഷ്യമെന്നും, ആര് മുഖ്യമന്ത്രിയാകുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ . സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇക്കുറി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. ശബരിമല സ്വര്‍ണ്ണ കൊള്ള കോണ്‍ഗ്രസിലേക്ക് എത്തിക്കാന്‍ ശ്രമിച്ചിട്ട് കാര്യമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രി ആരാണെന്ന് ചോദ്യം ഞങ്ങളുടെ മുന്നില്‍ ഇല്ലേയില്ല. അതിനൊക്കെ പാര്‍ട്ടിയുടെ സിദ്ധാന്തങ്ങള്‍ക്കനുസരിച്ച നയപരിപാടികളുണ്ട്. ഇപ്പോള്‍ ഭരണം തിരിച്ചുകൊണ്ടുവരിക എന്ന ഒറ്റ ലക്ഷ്യം മാത്രമേ എല്ലാവര്‍ക്കുമുള്ളു. കാരണം, പത്ത് വര്‍ഷക്കാലത്തെ ഭരണം ജനങ്ങള്‍ മടുത്തിരിക്കുകയാണ്. ഈ മടുത്തിരിക്കുന്ന ഭരണം അവസാനിപ്പിച്ചുകൊണ്ട് ഐക്യജനാധിപത്യ മുന്നണിയുടെ ഭരണം ഉണ്ടാവുക, മുഖ്യമന്ത്രി ഉണ്ടാവുക. ആര് മുഖ്യമന്ത്രിയാകും എന്നതിലല്ല പ്രസക്തി. ശക്തമായിട്ടുള്ള ഒരു ഭരണം, ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്, വികസന പ്രവര്‍ത്തനങ്ങളും, അവര്‍ക്ക് വേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിയുന്ന ജനങ്ങളുടേതായിട്ടുള്ള സര്‍ക്കാര്‍ ഉണ്ടാക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ആവശ്യം. അതിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പില്‍ ഞങ്ങള്‍ വളരെ വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി മുന്നോട്ടു പോവുകയാണ് – അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയ സാധ്യത തന്നെയാണ് പ്രഥമ മുന്‍ഗണന. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ അവസരം നല്‍കിയത് ചെറുപ്പക്കാര്‍ക്കായിരുന്നു. പട്ടിക നോക്കിയാല്‍ അറിയാം. 60 ശതമാനത്തോളം ചെറുപ്പക്കാരുടെ നിരയാണുണ്ടായിരുന്നത്. പക്ഷേ അവര്‍ക്ക് സമയം കുറച്ചേ കിട്ടിയിട്ടുള്ളൂ. അതുകൊണ്ടാണ്‌വേണ്ടത്ര ശ്രദ്ധിക്കാന്‍ പറ്റാത്തത്. ഇപ്രാവശ്യം ഞങ്ങളുടെ ശ്രമം നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനും അതോടൊപ്പം വിജയസാധ്യത മുന്‍നിര്‍ത്തിയുള്ള നല്ല സ്ഥാനാര്‍ഥി പട്ടിക തയാറാക്കാനുമാണ്.
അടുത്ത ദിവസം നടക്കാന്‍ പോകുന്ന വയനാട് ക്യാമ്പിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. രണ്ട് ക്യാമ്പുകള്‍ ഇതിനുമുന്‍പ് നടത്തിയിട്ടുണ്ട്. രണ്ടിനും ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യുഡിഎഫ് വിജയിച്ചിട്ടുണ്ട്. മൂന്നാമത് ഒരു വലിയ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നതിന് മുന്നോടിയാണ് ക്യാമ്പ്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ശക്തമായ വിലയിരുത്തല്‍ ഉണ്ടാകും. എവിടെയെല്ലാം വിജയിച്ചിട്ടുണ്ട്, എവിടെയെങ്കിലും ചെറിയ കോട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണ്? തുടങ്ങിയ എല്ലാ വിഷയങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടും. എവിടെയെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് നികത്താനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടും. ക്യാംപെയിന്‍ എങ്ങനെയാണ് മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നതിനെ കുറിച്ചുള്ള ഒരു ബോധ്യം ഉണ്ടാക്കിയെടുക്കും – അദ്ദേഹം പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വാഭാവികമായിട്ടും അവര്‍ക്ക് വിഷമം ഉണ്ടാകും. അത് അന്നും ഞാന്‍ സൂചിപ്പിച്ചതാണ്. പക്ഷേ പാര്‍ട്ടി ഒരു തീരുമാനം എടുത്തു കഴിഞ്ഞാല്‍ അത് അനുസരിക്കുന്ന ഒരു പ്രവര്‍ത്തകയാണ് അവരും. ഒരുപാട് എക്‌സ്പീരിയന്‍സ് ഉള്ള നേതാവ് എന്ന നിലയില്‍ ഇതുവരെയുള്ളപ്രവര്‍ത്തനം മനസ്സിലാക്കിയാല്‍ അച്ചടക്കത്തോടെ കൂടി അത് അനുസരിക്കുകയും ചെയ്തിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ നല്‍കിയ ആത്മവിശ്വാസം താഴെതട്ടില്‍ പ്രവര്‍ത്തകരില്‍ കുറച്ചുകൂടി ജാഗ്രതയോടെയും കരുതലോടെയും നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള ഒരു ശേഷി പകര്‍ന്നു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത് ഉപയോഗിച്ചുകൊണ്ട് വ്യക്തമായ ലക്ഷ്യബോധത്തോടുകൂടി നിയമസഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസെന്നും ചൂണ്ടിക്കാട്ടി.



Be the first to comment