
കത്തോലിക്കാ സഭയിലെ വ്യത്യസ്തനായ, ലോക സമാധാനം ആഗ്രഹിക്കുന്ന മനുഷ്യരുടെ പ്രത്യാശയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ സ്ഥാനത്യാഗത്തെത്തുടർന്നാണ് അപ്രതീക്ഷിതമായി അർജൻ്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13 ന് മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിൻ്റെ വക്താവായിരുന്നു ഫ്രാൻസിസ് മാർപ്പാപ്പ. സ്വവർഗാനുരാഗം തൊട്ട് പരിസ്ഥിതി വിഷയങ്ങളിൽ വരെ കൃത്യമായ നിലപാടുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. സഭാമൂല്യങ്ങൾ കൈവിടാതെ ഏവരെയും ചേർത്തുപിടിച്ചു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പോലും ഫ്രാൻസിസ് മാർപ്പാപ്പ പറഞ്ഞത് ഗാസയിലെ യുദ്ധം അവസാനിപ്പിക്കണം എന്നാണ്. ലോക രാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയ വലിയ ഇടയന് പിൻഗാമിയെ കണ്ടുപിടിക്കുക എന്ന ചരിത്ര ദൗത്യം ഒമ്പത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് നടക്കുക. 135 കർദ്ദിനാൾമാർ അടങ്ങുന്ന പേപ്പൽ കോൺക്ലേവിൽ കേരളത്തിൽ നിന്നുള്ള രണ്ട് പേരുൾപ്പടെ നാല് കർദ്ദിനാൾമാരാണ് ഉള്ളത്.
മലങ്കര കത്തോലിക്കാ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ സീറോ-മലങ്കര കത്തോലിക്കാ സഭയുടെ ആദ്യത്തെ കർദ്ദിനാളാണ്. 2012ൽ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയാണ് മാർ ക്ലീമീസിനെ കർദ്ദിനാളായി ഉയർത്തിയത്. കേരള കാതലിക് ബിഷപ്സ് കൗൺസിൽ പ്രസിഡൻ്റാണ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ്.
കോൺഫറൻസ് ഓഫ് കാതലിക് ബിഷപ്സ് ഓഫ് ഇന്ത്യ പ്രസിഡൻ്റും ഗോവ ദാമൻ ആർച്ച് ബിഷപ്പുമായ ഫിലിപെ നെരി ഫെറാവൊ കോൺക്ലേവിൽ പങ്കെടുക്കും. 2025 ജനുവരിയിൽ ഇദ്ദേഹം ഫെഡറേഷൻ ഓഫ് ഏഷ്യൻസ് ബിഷപ്സ് കോൺഫെറൻസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായ കർദിനാൾ മാർ ജോർജ് കൂവക്കാട് നേരിട്ട് കർദിനാൾ പദവിയിലെത്തുന്ന ഇന്ത്യക്കാരനായ ആദ്യ വൈദികനാണ്. സീറോ മലബാർ സഭയിലെ ചങ്ങനാശേരി അതിരൂപതാംഗമാണ്. മാർപ്പാപ്പയുടെ യാത്രകളുടെ ചുമതലയുള്ള സെക്രട്ടറി ഓഫ് ദി സ്റ്റേറ്റുമായിരിക്കെ അപ്രതീക്ഷിതമായാണ് ജോർജ് ജേക്കബ് കൂവക്കാടിനെ കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്താനുള്ള ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രഖ്യാപനം വരുന്നത്. വത്തിക്കാൻ നയതന്ത്ര സർവീസിൽ ചേർന്ന മാർ കൂവക്കാട് അൾജീറിയ, ദക്ഷിണ കൊറിയ, മംഗോളിയ, ഇറാൻ, കോസ്റ്ററിക്ക എനനിിവിടങ്ങളിൽ അപ്പോസ്തലിക് നൂൺഷ്യോയുടെ സെക്രട്ടറിയായിരുന്നു.
ദലിത് സമുദായത്തിൽ നിന്ന് കർദ്ദിനാളായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനാണ് കർദ്ദിനാൾ ആൻ്റണി പൂല. ഹൈദരാബാദ് ആർച്ച് ബിഷപ്പായ അദ്ദേഹം ആന്ധ്രയിൽ നിന്നുള്ള ആദ്യ കർദ്ദിനാൾ കൂടിയാണ്. ദലിത് ക്രൈസ്തവ സമൂഹത്തിൻ്റെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുന്ന കർദ്ദിനാൾ പൂല 2022ലാണ് കർദ്ദിനാളായി ഉയർത്തപ്പെട്ടത്.
ആഗോള കത്തോലിക്കാ സഭയിൽ ആകെ 252 കർദ്ദിനാൾമാരാണ് ഉള്ളത്. ഇതിൽ 80 വയസ്സിൽ താഴെയുള്ള 135 കർദ്ദിനാൾമാർക്കാണ് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള യോഗ്യത.
Be the first to comment