
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണം തെറ്റായിപ്പോയെന്ന് എ പത്മകുമാർ. ഒരു ആശയത്തിന്റെ പിന്നാലെയാണ് താൻ നിൽക്കുന്നത്. മന്ത്രി വീണാ ജോർജിനെതിരായ പരാമർശം വ്യക്തിപരമല്ല. കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇത്തരം പ്രശ്‌നങ്ങൾ വന്നപ്പോൾ അതിൽ പ്രതികരണം നടത്തിയതാണ്.പാർട്ടിക്കാരനെന്ന നിലയിൽ പരസ്യ പ്രതികരണം പാടില്ലായിരുന്നുവെന്നും മറ്റൊരാളാണ് ഇത്തരത്തിൽ സംസാരിച്ചതെങ്കിൽ അയാൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്ന് താൻ ആവശ്യപ്പെടുമായിരുന്നുവെന്നും എ പത്മകുമാർ പറഞ്ഞു.
പാർട്ടി കമ്മിറ്റി ചർച്ച ചെയ്‌ത് എടുക്കുന്ന ഏതൊരു തീരുമാനത്തിനൊപ്പവും താൻ നിൽക്കുമെന്നും ബിജെപി നേതാക്കള്‍ വീട്ടിലെത്തിയത് മാധ്യമശ്രദ്ധ ലഭിക്കാന്‍ ആണെന്നും എ പത്മകുമാര്‍ പറഞ്ഞു. മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, എ പത്മകുമാര്‍ നടത്തിയ പ്രസ്താവന പരിശോധിക്കുമെന്ന് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രി വീണാ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയിലെ ക്ഷണിതാവാക്കിയതിനെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ പത്മകുമാര്‍ വിമര്‍ശിച്ചിരുന്നു.
Be the first to comment