‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണം’; വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള തീരുമാനം ഉചിതമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞുകൊണ്ട് വഖഫ് ഭേദഗതി ബിൽ സംയുക്ത പാർലമെന്‍ററി കമ്മിറ്റിക്ക് വിടാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അംഗീകരിച്ചു. ആരോടും ആലോചിക്കാതെയാണ് കേന്ദ്ര സർക്കാർ വഖഫ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്. അതുകൊണ്ട് വിഷയം സംയുക്ത പാർലമെന്‍ററി സമിതിക്ക് വിടാനുളള തീരുമാനം ഉചിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതിന് വഖഫ് ഭേദഗതി ബിൽ പരിശോധിക്കുന്നതിനായി 31 അംഗ സംയുക്ത പാർലമെന്‍ററി സമിതി രൂപീകരിച്ചിരുന്നു. 21 ലോക്‌സഭ എംപിമാരും 10 രാജ്യസഭ എംപിമാരും അടങ്ങുന്നതാണ് സമിതി. കോൺഗ്രസ് എംപി ഇമ്രാൻ മസൂദും എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസിയും സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വഖഫ് ഭേദഗതി ബിൽ ഉത്തരവാദിത്തവും സുതാര്യതയും നീതിയും ഉറപ്പാക്കുമെന്ന് പാർലമെൻ്ററി കാര്യ മന്ത്രി അർജുൻ റാം മേഘ്‌വാൾ അഭിപ്രായപ്പെട്ടു. 1995 ലും 2013 ലും വഖഫ് ബില്ലില്‍ ഭേദഗതികൾ കൊണ്ടുവന്നത് ഈ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി തന്നെയാണ്. സുതാര്യമായ ഭരണത്തിന് ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അർജുൻ റാം മേഘ്‌വാൾ കൂട്ടിച്ചേര്‍ത്തു.

1995-ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്ന വഖഫ് ഭേദഗതി ബിൽ 2024 ഓഗസ്റ്റ് എട്ടിന് ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചു. തുടര്‍ന്ന് കോൺഗ്രസ്, ഡിഎംകെ, എൻസിപി, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം തുടങ്ങിയ പ്രതിപക്ഷ പാർട്ടികൾ ബില്ലിനെ ശക്തമായി എതിർത്ത് രംഗത്തുവന്നു. അതിലെ വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്ന് വാദിച്ച അംഗങ്ങൾ ബിൽ പിൻവലിക്കണമെന്നും സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്നും നിർദേശിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*