എംഎസ്‌സി എല്‍സ: 1227.62 കോടി രൂപ കെട്ടിവെച്ചു, പിടിച്ചുവെച്ച കപ്പല്‍ വിട്ടയച്ചു

കൊച്ചി: എംഎസ്‌സി എല്‍സ-3 കപ്പല്‍ അപകടത്തില്‍ കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുട ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയച്ചു.

കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.

തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*