ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നാലാമത്തെ ഇടക്കാല റിപ്പോർട്ടാണ് നൽകുന്നത്. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്പി ശശിധരൻ കോടതിയിൽ നേരിട്ടു ഹാജരാകും.
കേസ് ഡിസംബർ മൂന്നിന് പരിഗണിച്ചപ്പോൾ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റിനു ശേഷം അന്വേഷണം മന്ദഗതിയിലായതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാറിനെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവരെ എസ്ഐടി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് പണ്ടാരി, ഗോവർധൻ എന്നിവരുടെ അറസ്റ്റ് സംബന്ധിച്ച വിവരങ്ങളും കോടതിക്ക് കൈമാറും. രമേശ് ചെന്നിത്തലയും സുഹൃത്തായ വിദേശ വ്യവസായിയും ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തു കള്ളക്കടത്ത് സംഘത്തിന് ശബരിമല കേസുമായി ബന്ധമുണ്ടോ എന്ന അന്വേഷണം നടത്തിയിരുന്നു. തമിഴ്നാട് സ്വദേശി ഡി മണിയെ ചോദ്യം ചെയ്തതിൽ ലഭിച്ച വിവരങ്ങളും അറിയിക്കും. അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി നിലവിൽ എസ്ഐടിക്ക് അനുവദിച്ച സമയം ജനുവരി 17 വരെയാണ്.



Be the first to comment