ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതി ജ്യോതിബാബുവിന് ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി . ഇതു കൊലപാതകക്കേസാണെന്നും, പെട്ടെന്ന് ജാമ്യം നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. കേസിന്റെ മെറിറ്റ് അടക്കം അറിയാതെ ജാമ്യം അനുവദിക്കാനാകില്ല. വിചാരണക്കോടതിയിലെ മുഴുവന്‍ രേഖകളും 15 ദിവസത്തിനകം ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.
വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ സാക്ഷി മൊഴികള്‍ അടക്കം വിശദാംശങ്ങള്‍ കോടതിക്ക് കാണണം. അതുവരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് അനുവദിക്കണമെന്ന് ജ്യോതിബാബുവിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അനുവദിക്കാന്‍ കോടതി തയ്യാറായില്ല. കേസിന്റെ മുഴുവന്‍ രേഖകളും പരിശോധിക്കാതെ ജാമ്യം അനുവദിക്കാനാകില്ലെന്നും കോടതി സൂചിപ്പിച്ചു.
ഗാലറിക്കു വേണ്ടിയുള്ള ആരോപണങ്ങളാണ് കെ കെ രമ എംഎല്‍എ ഉന്നയിക്കുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ പ്രതി ജ്യോതിബാബു കോടതിയെ സമീപിച്ചത്. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കെ കെ രമയുടേയും സംസ്ഥാന സര്‍ക്കാരിന്റെയും മറുപടി സുപ്രീംകോടതി തേടിയിരുന്നു.
ടിപി കേസിലെ പ്രതികള്‍ക്ക് അനുപാതരഹിതമായ ഇളവുകളാണ് ലഭിച്ചതെന്നും സംവിധാനങ്ങളുടെ വിശ്വാസ്യത നഷ്ടമാകുന്ന തരത്തിലുള്ള നടപടികളാണ് ഉണ്ടായതെന്നുമാണ് കെ കെ രമ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു . പ്രതികൾക്ക് ജാമ്യം നൽകുന്നത് അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നൽകുമെന്നും, ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു കൊണ്ടുള്ള സത്യവാങ്മൂലത്തിൽ കെ കെ രമ വ്യക്തമാക്കിയിരുന്നു.



Be the first to comment