ന്യൂഡല്‍ഹി:ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളി. അരാധനാമൂര്‍ത്തിയായ ദൈവത്തെ കൊള്ളയടിച്ച കേസല്ലേയെന്ന് കോടതി ചോദിച്ചു. കവര്‍ച്ച നടക്കുന്ന സമയത്ത് ചുമതലയില്‍ ഉണ്ടായിരുന്നയാളാണ് വാസു. ഹൈക്കോടതിയിലെ വാസുവിന്റെ ജാമ്യഹര്‍ജിയില്‍ എസ്‌ഐടി ശക്തമായി എതിര്‍ത്ത കാര്യവും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
കേസില്‍ വാസുവിനെതിരായ കുറ്റാരോപണങ്ങള്‍ എടുത്തു പറഞ്ഞ കോടതി, കേസില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കി ജാമ്യ ഹര്‍ജി തള്ളുകയായിരുന്നു. വാസുവിന് വേണമെങ്കില്‍ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് വാസുവിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
സ്വര്‍ണ്ണക്കൊള്ള കേസില്‍ 76 ദിവസമായി ജയിലിലാണെന്നും, കൃത്യം നടക്കുമ്പോള്‍ താന്‍ അവിടെ ദേവസ്വം കമ്മീഷണര്‍ മാത്രമായിരുന്നുവെന്നും വാസു കോടതിയില്‍ വാദിച്ചിരുന്നു. നേരത്തെ ദേവസ്വം ബോര്‍ഡ് അംഗം ശങ്കരദാസിന്റെ ഹര്‍ജിയിലും സുപ്രീംകോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ദൈവത്തെപ്പോലും വെറുതെ വിടാത്ത വലിയ കവര്‍ച്ചയാണ് ശബരിമലയില്‍ നടന്നതെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.



Be the first to comment