വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കല്‍: കാലാനുസൃത മാറ്റങ്ങള്‍ക്ക് തടസ്സം കേന്ദ്രസര്‍ക്കാര്‍ മനോഭാവമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: വധശിക്ഷ നടപ്പാക്കുന്ന രീതിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ മനോഭാവമാണ് തടസ്സമെന്ന് സുപ്രീംകോടതി. പരമ്പരാഗത രീതികളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് കോടതി വിമര്‍ശിച്ചു. തൂക്കികൊല്ലുന്നതിന് പകരം വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യഹര്‍ജിയെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചത്.

‘തൂക്കിലിട്ട് വധശിക്ഷ നടപ്പാക്കുന്നത് പഴഞ്ചന്‍ സമ്പ്രദായമാണ്. കാലത്തിന് അനുസരിച്ച് വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ മാറ്റങ്ങളെ ഉള്‍കൊള്ളുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ വളര്‍ന്നിട്ടില്ല’ എന്നും ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവര്‍ അംഗങ്ങളായ ബെഞ്ച് നിരീക്ഷിച്ചു.

തൂക്കിലേറ്റി ശിക്ഷ നടപ്പാക്കണോ കുത്തിവെപ്പിലൂടെ മരണം വരിക്കണോയെന്ന സാധ്യതയെങ്കിലും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. ഋഷി മല്‍ഹോത്ര ആവശ്യപ്പെട്ടു. കുത്തിവെപ്പിലൂടെ വധശിക്ഷ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഏത് രീതിയില്‍ ശിക്ഷ നടപ്പാക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുറ്റവാളികള്‍ക്ക് നല്‍കാന്‍ കഴിയില്ല. അത് സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍ക്ക് കീഴിലുള്ള കാര്യമാണ് സര്‍ക്കാര്‍ വ്യക്തമാക്കി.

തൂക്കിലേറ്റിയുള്ള വധശിക്ഷ വലിയ വേദനയ്ക്കും യാതനകള്‍ക്കും കാരണമാകുന്നതായി ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചു. കുത്തിവെപ്പിലൂടെയോ വെടിവെച്ചോ ഗ്യാസ്ചേംബറില്‍ അടച്ചോ ആണെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പാക്കപ്പെടും. തൂക്കിലേറ്റിയുള്ള വധശിക്ഷ പൂര്‍ത്തിയാക്കാന്‍ 40 മിനിറ്റെങ്കിലും വേണ്ടി വരും. അമേരിക്കയിലെ 50ല്‍ 49 സ്റ്റേറ്റുകളിലും കുത്തിവെപ്പിലൂടെയാണ് വധശിക്ഷ നടപ്പാക്കുന്നത്. തൂക്കിലേറ്റിയുള്ള വധശിക്ഷ ജീവിക്കാനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയിലെ 21-ാം അനുച്ഛേദത്തിന് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

 

Be the first to comment

Leave a Reply

Your email address will not be published.


*