
ന്യൂഡല്‍ഹി: പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ പുനരധിവാസമോ ബദല്‍ ഭൂമിയോ നല്‍കല്‍ നിര്‍ബന്ധിത നിയമപരമായ അവകാശമല്ലെന്ന് സുപ്രിം കോടതി. ഭൂമി ഏറ്റെടുക്കുമ്പോള്‍ ചട്ടപ്രകാരമുള്ള നഷ്ടപരിഹാരത്തുകയ്ക്ക് എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍, ഭൂമി ഏറ്റെടുക്കലില്‍ വീടും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ പുനരധിവാസത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ.
അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമേ പുനരവധിവാസ പദ്ധതികള്‍ പാടുള്ളൂവെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു.ഭൂമി വിട്ടുനല്‍കിയവര്‍ക്ക് 1992ലെ നയപ്രകാരം നഷ്ടപരിഹാരത്തിന് പുറമേ പുനരധിവാസവും നടപ്പാക്കണമെന്ന ഹരിയാന ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി.
ഹരിയാനയിലെ കൈതാല്‍ ജില്ലയിലെ സ്ഥലമുടമകളാണ് ഹരജി സമര്‍പ്പിച്ചത്.പുനരധിവാസ പദ്ധതികള്‍ പലപ്പോഴും ഏറ്റെടുക്കല്‍ പ്രക്രിയയെ സങ്കീര്‍ണമാക്കുകയും നീണ്ടുനില്‍ക്കുന്ന വ്യവഹാരങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. മാനുഷിക പരിഗണന നല്‍കേണ്ട കേസുകളില്‍ മാത്രം പ്രാവര്‍ത്തികമാക്കിയാല്‍ മതിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി അനാവശ്യവാഗ്ദാനങ്ങള്‍ നല്‍കി പൊതുജനങ്ങളെ സര്‍ക്കാര്‍ ആശങ്കയിലാഴ്ത്തരുതെന്നും കോടതി പറഞ്ഞു. ജനങ്ങളെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ജനങ്ങളിലുണ്ടാക്കുന്ന പ്രതീക്ഷ മറ്റുപല പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. ഇത്തരം ഹര്‍ജികള്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്ത നിയമവ്യവഹാരങ്ങളിലേക്കാണ് നയിക്കുകയെന്നും ഈ കേസ് അതിനുദാഹരണമാണെന്നും കോടി പറഞ്ഞു. ഈ വിധി രാജ്യത്തെ മുഴുവന്‍ സര്‍ക്കാരുകളുടെയും കണ്ണുതുറപ്പിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
Be the first to comment