ന്യൂഡല്‍ഹി: മാതാപിതാക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒബിസി വിഭാഗത്തിന്റെ ക്രീമിലെയര്‍ പദവി നിര്‍ണയിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഉദ്യോഗാര്‍ത്ഥികള്‍ ഒബിസി ക്രീമിലെയറിലാണോ, നോണ്‍- ക്രീമിലെയറിലാണോയെന്ന് തീരുമാനിക്കാന്‍ സാമൂഹിക സ്ഥിതിയാകണം മാനദണ്ഡമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളം, ഡല്‍ഹി, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ അതാത് ഹൈക്കോടതികള്‍ പുറപ്പെടുവിച്ച വിധികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ഒ ബി സി വിഭാഗങ്ങളിലെ ക്രീമിലെയര്‍ വിഭാഗങ്ങളെ കണ്ടെത്തുന്നതിന് രക്ഷിതാക്കളുടെ വരുമാനം മാത്രം പരിഗണിക്കരുത്. അവര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ വഹിക്കുന്ന തസ്തികയും പദവികളും ഉള്‍പ്പെടെ പരിഗണിക്കണം. സാമൂഹിക സ്ഥിതി പ്രധാനമാണെന്നും ജസ്റ്റിസുമാരായ പി എസ് നരസിംഹ, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
2012ലെ സിവില്‍ സര്‍വീസ് മികച്ച പ്രകടനം നടത്തിയിട്ടും ക്രീമിലെയര്‍ പരിധിയില്‍ തെറ്റായി ഉള്‍പ്പെടുത്തിയതിനാല്‍ ഒ.ബി.സി വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നിഷേധിച്ചിരുന്നു. ഒ ബി സി സംവരണം നിഷേധിക്കപ്പെട്ടവര്‍ക്ക് സംവരണാടിസ്ഥാനത്തില്‍ നിയമനം നല്‍കാന്‍ അനുമതി നല്‍കുന്നതായിരുന്നു കേരള, ഡല്‍ഹി, മദ്രാസ് ഹൈക്കോടതികളുടെ ഉത്തരവുകള്‍. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്. അധിക തസ്തികകള്‍ സൃഷ്ടിച്ച് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.



Be the first to comment