ചെന്നൈ: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ നിന്നും തമിഴ്‌നാടിനെ ഒഴിവാക്കുന്നതിനായുള്ള ബില്ലില്‍ രാഷ്ട്രപതിയുടെ അനുമതി വൈകുന്നത് ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയില്‍. 2021 ലും 2022 ലും സംസ്ഥാന നിയമസഭ രണ്ടുതവണ പാസാക്കിയതും പിന്നീട് രാഷ്ട്രപതിയുടെ അനുമതിക്കുമായി സമര്‍പ്പിച്ച ബില്ലിലെ നടപടി വൈകുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുക, പന്ത്രണ്ടാം ക്ലാസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം പുനഃസ്ഥാപിക്കുക എന്നിവ വ്യവസ്ഥ ചെയ്യുന്നതാണ് തമിഴ്‌നാടിന്റെ ബില്‍.
കേന്ദ്ര- സംസ്ഥാന തര്‍ക്കങ്ങൾ, അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ എന്നിവയില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 131 പ്രകാരം നടപടി വേണമെന്നാണ് തമിഴ്‌നാടിന്റെ ആവശ്യം. ബില്ലില്‍ തീരുമാനം എടുക്കാതിരിക്കാന്‍ രാഷ്ട്രപതിക്ക് മുന്നില്‍ മതിയായ കാരണങ്ങളില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം അനുസരിച്ചാണ് രാഷ്ട്രപതി ബില്‍ തടഞ്ഞുവച്ചിരിക്കുന്നത്. ബില്ലിനെതിരെ ആരോഗ്യ, വിദ്യാഭ്യാസ, ആയുഷ് മന്ത്രാലയങ്ങള്‍ ഉന്നയിച്ച എല്ലാ എതിര്‍പ്പുകള്‍ക്കും സംസ്ഥാനം വിശദമായ മറുപടികള്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും എതിര്‍പ്പ് തുടരുന്നത് നീതി നിഷേധമാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു. ബില്ലില്‍ തീരുമാനം വൈകുന്നത് ആര്‍ട്ടിക്കിള്‍ 201 പറയുന്ന വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാന നിയമങ്ങള്‍ നിലനില്‍ക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254(2) വിഷയത്തില്‍ ലംഘിക്കപ്പെടുന്നുണ്ടെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
ജസ്റ്റിസ് എ.കെ. രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് നീറ്റിനെതിരെ നിയമ നിര്‍മാണം നടത്തിയത്. വിഷയം കമ്മിറ്റി വിശദമായി പഠിച്ചിട്ടുണ്ട്. എണ്‍പതിനായിരത്തിലധികം പ്രതികരണങ്ങള്‍ പരിശോധിച്ചാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നീറ്റ് പരീക്ഷ ഗ്രാമീണ, സാമൂഹിക, സാമ്പത്തിക മേഖലളില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തമിഴ് മീഡിയം, സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നീറ്റ് പരീക്ഷ വലിയ തിരിച്ചടിയുണ്ടാക്കിയെന്നും റിപ്പോര്‍ട്ട് കണ്ടെത്തി. വര്‍ഷങ്ങള്‍ നീളുന്ന സ്വകാര്യ കോച്ചിങ് താങ്ങാന്‍ കഴിയുന്ന സമ്പന്നരായ നഗരപ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രാണ് നീറ്റ് ഗുണം ചെയ്യുന്നതെന്നും തമിഴ്‌നാട് ഹര്‍ജിയില്‍ പറയുന്നു.
നീറ്റിന്റെ മറവില്‍ പരീക്ഷാ പരിശീലനം ഒരു വ്യവസായം എന്ന നിലയില്‍ വളര്‍ന്നു. പലപ്പോഴും പരീക്ഷയുടെ നടത്തിപ്പ് പോലും ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ ഉണ്ടായെന്നും ആള്‍മാറാട്ടം, ചോദ്യപേപ്പര്‍ ചോര്‍ച്ച എന്നിവ പരാമര്‍ശിച്ചും തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു



Be the first to comment