രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു, പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തള്ളിനീക്കി, സുരക്ഷാ വീഴ്ച

പത്തനംതിട്ട: രാഷ്ട്രപതി  ദ്രൗപദി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ സുരക്ഷാ വീഴ്ച. രാഷ്ട്രപതി വന്നിറങ്ങിയ ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയം ഗ്രൗണ്ടിലെ ഹെലിപാഡില്‍ ഇറങ്ങിയ ഹെലികോപ്റ്ററാണ് കോണ്‍ക്രീറ്റ് ചെയ്ത ഹെലിപാഡില്‍ താഴ്ന്നത്. പോലീസും അഗ്‌നിരക്ഷ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളിനീക്കുകയായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരക്ഷിതമായി താഴെ ഇറങ്ങിയിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷമാണ് ഹെലികോപ്റ്ററിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നത്. ഇന്നു രാവിലെയാണ് കോണ്‍ക്രീറ്റ് ഇട്ടിരുന്നത്. പ്രതികൂല കാലാവസ്ഥ പരിഗണിച്ചാണ് രാഷ്ട്രപതിയുടെ യാത്രാ പദ്ധതിയില്‍ മാറ്റം വരുത്തിയത്. ഇതനുസരിച്ചാണ് പ്രമാടത്ത് അടിയന്തരമായി ഹെലിപ്പാഡ് ഒരുക്കിയത്.

രാവിലെ 8.30 ഓടെയാണ് രാഷ്ട്രപതി കയറിയ ഹെലികോപ്റ്റര്‍ പ്രമാടത്ത് ഇറങ്ങിയത്. നേരത്തെ 10. 20 ന് നിലയ്ക്കലില്‍ ഹെലികോപ്റ്റര്‍ ഇറക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലയ്ക്കലിലെ കാലാവസ്ഥ പരിഗണിച്ച് പ്രമാടത്ത് ഇറക്കാന്‍ വൈകീട്ടാണ് തീരുമാനമെടുത്തത്. ഇതുപ്രകാരം ഇന്നലെ വൈകീട്ടും ഇന്നു പുലര്‍ച്ചെയുമായി മൂന്ന് ഹെലിപ്പാഡുകള്‍ സജ്ജമാക്കുകയായിരുന്നു. ഇതില്‍ രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററാണ് താണുപോയത്.

പ്രമാടത്ത് മന്ത്രി വി എന്‍ വാസവന്‍, ആന്റോ ആന്റണി എംപി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ പ്രേംകൃഷ്ണന്‍, പൊലീസ് സൂപ്രണ്ട് തുടങ്ങിയവര്‍ പ്രമാടത്ത് ഇറങ്ങിയെ രാഷ്ട്രപതിയെ സ്വീകരിച്ചു. പ്രമാടത്തു നിന്നും റോഡ് മാര്‍ഗം രാഷ്ട്രപതി പമ്പയിലെത്തും. പമ്പാനദിയില്‍ കൈകാലുകള്‍ കഴുകിയശേഷം പമ്പ ഗണപതി കോവിലില്‍ ദര്‍ശനം നടത്തും. തുടര്‍ന്ന് കെട്ടു നിറച്ച് ഇരുമുടിയുമായി പ്രത്യേക ഗൂര്‍ഖാ വാഹനത്തിലാണ് രാഷ്ട്രപതി സന്നിധാനത്തെത്തുക. രാവിലെ 11. 50 ന് രാഷ്ട്രപതിയെ സന്നിധാനത്ത് തന്ത്രി സ്വീകരിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*