പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണ്ണം പൂശുന്നതുമായി ബന്ധപ്പെട്ട് തിരുവാഭരണം കമ്മീഷണറുടെ ഇ മെയില്‍ പിന്‍വലിച്ചതിലും ദുരൂഹത. ഈ വര്‍ഷം സ്വര്‍ണ്ണം പൂശിയതിലാണ് ദുരൂഹത നിറയുന്നത്. നിലവില്‍ സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങളില്‍ വീണ്ടും സ്വര്‍ണ്ണം പൂശാന്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തിന് വൈദഗ്ധ്യമില്ലെന്നാണ് തിരുവാഭരണം കമ്മീഷണര്‍ 2025 ജൂലൈ 30 ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇ-മെയില്‍ അയച്ചത്.
അതിനാല്‍ വീണ്ടും സ്വര്‍ണം പൂശല്‍ ദേവസ്വം ആസ്ഥാനത്തു വെച്ചു തന്നെ നടത്തേണ്ടതാണെന്നും മെയിലില്‍ ചൂണ്ടിക്കാണിക്കുന്നു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് ഇ-മെയില്‍ അയച്ച് എട്ടു ദിവസത്തിനകം ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സംഭാഷണം നടക്കുകയും, പിന്നാലെ തിരുവാഭരണം കമ്മീഷണറുടെ ഇ-മെയില്‍ പെട്ടെന്ന് പിന്‍വലിക്കപ്പെടുകയും ചെയ്യുന്നു. അതിനുശേഷമാണ് ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിന് തന്നെ വീണ്ടും അറ്റകുറ്റപ്പണി നടത്താന്‍ നല്‍കുന്നത്.
ഹൈക്കോടതിയുടെ ഉത്തരവിലാണ് തിരുവാഭരണം കമ്മീഷണറുടെ ഇ-മെയിലും അത് പിന്‍വലിച്ചതും ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇതെല്ലാം വിശദമായി അന്വേഷിക്കപ്പെടേണ്ടതാണെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിക്കുന്നു. എന്നാല്‍ തിരുവാഭരണം കമ്മീഷണറുടെ ഇ മെയില്‍ പിന്നീട് പിന്‍വലിച്ചതില്‍ ദുരൂഹതയില്ലെന്നും, ദേവസ്വം ബോര്‍ഡിന് ഒന്നും ഒളിക്കാനില്ലെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നത്
പുതുതായി വന്ന തിരുവാഭരണം കമ്മീഷണറാണ് സ്മാര്‍ട്ട് ക്രിയേഷന്‍സിന് വൈദഗ്ധ്യമില്ലെന്ന് ചൂണ്ടിക്കാട്ടി മെയില്‍ അയക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി നടത്താനുള്ള വാറണ്ടി ഉണ്ണികൃഷ്ണന്‍ പോറ്റിക്കുണ്ട്. ഇതു മനസ്സിലാക്കി മുന്‍ ഉത്തരവ് പിന്‍വലിക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ് പ്രശാന്ത് പറയുന്നു. അതല്ലാതെ ബോര്‍ഡ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദ്വാരപാലക ശില്‍പ്പങ്ങള്‍ കൊടുത്തയക്കാന്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.



Be the first to comment