തിരുവനന്തപുരം: നിലവിലെ രണ്ട് എംഎല്‍എമാരെ വീണ്ടും മത്സരിപ്പിക്കണോ എന്നതില്‍ കോണ്‍ഗ്രസില്‍ അവ്യക്തത തുടരുന്നു. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍ (സുല്‍ത്താന്‍ ബത്തേരി), എല്‍ദോസ് കുന്നപ്പള്ളി ( പെരുമ്പാവൂര്‍) എന്നിവരുടെ കാര്യത്തിലാണ് തീരുമാനമാകാത്തത്. ശേഷിക്കുന്ന സിറ്റിങ്ങ് എംഎല്‍എമാരെയെല്ലാം വീണ്ടും മത്സരിപ്പിക്കാനാണ് ധാരണ. ഇവര്‍ക്ക് പുറമേ 19 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ചും കോണ്‍ഗ്രസില്‍ ധാരണയായിട്ടുണ്ട്.
നിലവിലെ എംഎല്‍എമാരില്‍ കെ ബാബു ( തൃപ്പൂണിത്തുറ) വീണ്ടും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ലൈംഗിക വിവാദത്തെത്തുടര്‍ന്ന് പാലക്കാട്ടെ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഈ രണ്ടു മണ്ഡലങ്ങളിലും പുതിയ സ്ഥാനാര്‍ഥികള്‍ വരും. സുല്‍ത്താന്‍ ബത്തേരിയിലോ മാനന്തവാടിയിലോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്റെ പേര് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. ഐ സി ബാലകൃഷ്ണന്‍ മത്സരിച്ചാല്‍ ഉഷാ വിജയന്‍ മാനന്തവാടിയില്‍ സ്ഥാനാര്‍ഥിയാകും.
കണ്ണൂരില്‍ അമൃതാ രാമകൃഷ്ണന്‍ ആണ് പ്രധാന പരിഗണനയിലുള്ളത്. ചെങ്ങന്നൂരില്‍ ബിനു ചുള്ളിയില്‍, മറിയം ഉമ്മന്‍ചാണ്ടി എന്നീ പേരുകള്‍ പരിഗണിക്കുന്നു. തൃശൂരില്‍ പത്മജ വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥിയായാല്‍, കരുണാകരന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ടി വി ചന്ദ്രമോഹന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പത്മജ മത്സരിക്കുന്നില്ലെങ്കില്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റിന് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ധാരണയായ പേരുകൾ ഇവയാണ്
കെ മുരളീധരൻ (വട്ടിയൂർക്കാവ്), അയിഷ പോറ്റി (കൊട്ടാരക്കര), ബിന്ദു കൃഷ്ണ (കൊല്ലം), ജ്യോതികുമാർ ചാമക്കാല (പത്തനാപുരം), രമ്യാ ഹരിദാസ് (അടൂർ), ഷാനിമോൾ ഉസ്മാൻ (അരൂർ), വി പി സജീന്ദ്രൻ (കുന്നത്തുനാട്), ടി എൻ പ്രതാപൻ (മണലൂർ), ഒ ജെ ജനീഷ് (കൊടുങ്ങല്ലൂർ), രമേഷ് പിഷാരടി (പാലക്കാട്), തുളസി (കോങ്ങാട്), വി ടി ബൽറാം (തൃത്താല), സുമേഷ് അച്യുതൻ (ചിറ്റൂർ), കെ പ്രവീൺകുമാർ (കൊയിലാണ്ടി), കെ ജയന്ത് (കോഴിക്കോട് നോർത്ത്) കെ എം അഭിജിത് (നാദാപുരം), വിദ്യാ ബാലകൃഷ്ണൻ (എലത്തൂർ), ഷാജി കോടങ്കണ്ടത്ത് (ഒല്ലൂർ), കെ നീലകണ്ഠൻ (ഉദുമ).



Be the first to comment